പുണ്യ കര്‍ക്കിടകവും രാമായണവും-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്‌.9871690151.








പുണ്യ കര്‍ക്കിടകവും രാമായണവും-

സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്‌.9871690151. 


പുണ്യ കര്‍ക്കിടകവും രാമായണവും 

സഹോദരസ്‌നേഹവും പ്രജാവത്സതയും തുളുമ്പിത്തൂവുന്ന ഒരു മനസ്സിന്റെ ഉടമയായിരുന്നു ശ്രീരാമന്‍. ത്രേതായുഗത്തിലെ അവതാരപുരുഷനായിരുന്നു. അദ്ദേഹം. രാവണകുംഭകര്‍ണന്‍മാരെന്ന ദുര്‍മൂര്‍ത്തികളെ അമര്‍ച്ച ചെയ്യാനായി മാനുഷരൂപത്തില്‍ അവതാരമെടുത്ത ശ്രീ ഹരിയുടെ വിശ്വരൂപം.

അച്ഛന്റെ അഭീഷ്ടപ്രകാരം യുവരാജാവാകാന്‍ സമ്മതിക്കുന്നതും ചിറ്റമ്മയുടെ ആഞ്ജ പ്രകാരം വനവാസത്തിനൊരുമ്പെടുമ്പോഴും രാമന്റെ മുഖത്ത് പ്രത്യേകമായൊരു സന്തോഷമോ വ്യഥയോ കാണാനാകുന്നില്ല. പ്രജാഹിതം മാനിച്ച് സീതയെ ത്യജിക്കുന്ന സന്ദര്‍ഭത്തിലും ആ അവതാരരൂപന്‍ പതര്‍ച്ച പ്രകടിപ്പിക്കുന്നില്ല. അത്രയധികം സംയമനം മനുഷ്യാവതാരകനായ ഭഗവാനുണ്ടായിരുന്നു. രാമായണത്തില്‍ നിന്നും തുളുമ്പിയൊഴുകുന്ന കാരുണ്യധാരകള്‍ക്കും ഹൃദയത്തെ നെരിപ്പോടാക്കു-സഹോദര സ്‌നേഹത്തിനും, പിതൃസ്‌നേഹത്തിനും ഭക്തിയ്ക്കും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും മറ്റേതൊരു കാവ്യത്തിലാണ് ഇത്രയധികം പ്രാധാന്യം കല്പ്പിച്ചിട്ടുള്ളത്.

പുരാണ പണ്ഡിതന്‍മാര്‍ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ 'അയന' മായിട്ടാണ്. മറ്റൊരു നിഗമനം കൂടി അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. 'രാ' മായണം എന്ന പുരാണ തത്വം രണ്ടും ഒരു പോലെ ശരിയാണെന്നു അനുഭവങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നുണ്ട്. 'അയനം' എന്നാല്‍ സഞ്ചാരം എന്ന അര്‍ത്ഥം കല്പ്പിക്കാം. ബാലകാണ്ഡത്തില്‍ തുടങ്ങുന്ന ഭഗവാന്റെ സഞ്ചാരം പട്ടാഭിക്ഷേകത്തിലുംനിലയ്ക്കുന്നില്ല. ഉത്തരരാമായണത്തിലൂടെ തന്റെ പ്രിയ അനുയായികളോടൊപ്പം സരയൂ നദിയുടെ നീലകലക്കയത്തിലലിയുമ്പോഴാണ് അതവസാനിക്കുന്നത്. അവതാരോദ്ദേശം തീര്‍ന്നു കഴിഞ്ഞൂ. അതോടെ ത്രേതായുഗത്തിനും അന്ത്യമായി.

കൊല്ലവര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍രഹിതവും വിളസമൃദ്ധിയില്ലായ്മയും ആ സമയത്ത് മനുഷ്യ ജീവിതങ്ങള്‍ക്ക് ഭാഗീകമായെങ്കിലും ഇരുട്ടനുഭവിക്കേണ്ടി വരും. ആ മാസത്തിന് പഞ്ഞ കര്‍ക്കിടകമെന്നപേരു വീണത് ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭഗവല്‍ ചിന്തകൊണ്ട് മാത്രമേ മനസ്സിനെ സ്വസ്ഥപ്പെടുത്താവുകയുള്ളൂ. ഒരു ആദര്‍ശവാനും സത്യനിഷ്ടനുമായഅവതാരപുരുഷന്റെ തത്വകള്‍ ഉള്ളിലേക്കാവഹിക്കുമ്പോള്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന 'ര' അല്പാല്പമായെങ്കിലും അലിഞ്ഞു തീരാതിരിക്കില്ലെന്ന് നിസ്സംശയം പറയാം.

കര്‍ക്കിടക മാസത്തിന്റെപ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ കേരളീയര്‍ രാമായണം വായന തുടങ്ങും. കള്ളകര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ ആ നനുത്ത ശീലുകള്‍ കേട്ടുകൊണ്ടായിരിക്കും കണ്ണുകള്‍ ചിമ്മുന്നത്. കര്‍ക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായബന്ധം അവിടെ ആരംഭിക്കുകയാണ്. തറയിലിരുന്നു കൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ ആവണ പലകയിലോ അല്ലെങ്കില്‍ മാന്‍തോലിലോ അതുമല്ലെങ്കില്‍ അശുദ്ധിയില്ലാത്തപീഠത്തിലോ (അത് നിലവിളക്കിനെക്കാലും പൊക്കത്തിലാകരുത്) വടക്കോട്ട്തിരിഞ്ഞിരുന്നു കൊണ്ടുവേണം രാമായണം പാരായണം ചെയ്യാന്‍.

ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാന്‍ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നല്‍കുന്നതും പകരം രാമന് നല്‍കാന്‍ സീത ചൂഢാരത്‌നംനല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം. സങ്കടമോചനം, വിഘ്‌ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം. ദേവീദേവന്‍മാരുടെ ശക്തി തീഷ്ണത കുറയ്ക്കാന്‍ പോലും സുന്ദരകാണ്ഡ ശീലുകള്‍ക്ക് കഴിവുണ്ടെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

തിരുവനന്തപുരത്തുള്ള പ്രസിദ്ധമായ പത്മനാഭ സ്വാമിയുടെ ആസ്ഥാനത്തിലായി ഒരു നരസിംഹക്ഷേത്രമുണ്ട്. ഉഗ്രനരസിംഹമൂര്‍ത്തിയായിട്ടാണ് അത് അറിയപ്പെടുന്നത്. ആ മൂര്‍ത്തിയുടെ രൗദ്രതയും ചൈതന്യവും തന്ത്രിമാര്‍ കൂടി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള ആപത്തുകള്‍ വരുന്നെങ്കില്‍ അതിന്റെ മുന്നോടിയായി ആ ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും ഘോരമായ സിംഹഗര്‍ജ്ജനം മുഴങ്ങുമായിരുന്നത്രേ. അത് നരസിംഹ മൂത്തിയുടെ ഉഗ്രതയ്‌ക്കൊരു ഉദാഹരണമായിട്ടാണ് കണക്കാക്കിയിരുന്നത്. ആ ഉഗ്രതയ്ക്ക് ശീതള സ്പര്‍ശതയുണ്ടാകാനായിട്ടാണ് ചില നിശ്ചിത സമയങ്ങളിലൊഴികെ ക്ഷേത്രം തുറന്നിരിക്കുമ്പോഴെല്ലാം മുടങ്ങാതെ രാമായണം വായിക്കുന്നത്. അത്കേട്ട് നരസിംഹമൂര്‍ത്തി ശാന്തനാകുമെന്നും ആപത്തൊഴിഞ്ഞ് ശുദ്ധതയുണ്ടാകുമെന്നുമാണ് വിശ്വാസം.

ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്‌നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം. പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരുംഅദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്‌നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു. പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയുംമണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു.

പിതൃകര്‍മ്മത്തിന്റെ പ്രായോഗിക വശം കൂടി ചിന്തിക്കാം. പിതൃകര്‍മ്മത്തിന് ഒരു ലക്ഷ്യമുണ്ട്. പിതൃകര്‍മ്മത്തിന് ഒരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കിയാണ് ആചാര്യന്‍മാര്‍ നമ്മെ ഉപദേശിക്കുന്നത്. നമുക്ക് ജന്മം തന്ന നമ്മുടെ ശരീരത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പുറകോട്ടുള്ള തലമുറകളേയും സ്മരിക്കുക. അവരോട് ഈ മനുഷ്യ രൂപത്തില്‍ ജന്‍മം തന്നതിന് നന്ദി പറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാര്യങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് ''മാതാപിതാക്കള്‍ അവരുടെ അച്ഛനമ്മമാരോട് എത്രത്തോളംസനേഹബഹുമാനാദി ബന്ധങ്ങള്‍ ഉള്ള ഉള്ളവരായിരുന്നു'' എന്നറിയിക്കുക. ഇവിടെ നാം നല്‍കുന്നത് പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല, അവര്‍ സ്വീകരിച്ച് അനുഗ്രഹിക്കണമേയെന്നു പ്രാര്‍ത്ഥിക്കുന്നതിലാണ് പിതൃകര്‍മ്മം. അവരുടെ മക്കള്‍ ധര്‍മ്മം, സത്യം, നീതി, ന്യായം ഈ വഴിയിലൂടെ ചരിക്കുന്നൂയെന്നു അവരെഅറിയിക്കുന്നത് കൂടി ഇതിന്റെ സന്ദേശമാണ്. നമ്മുടെ മാതാപിതാക്കള്‍ക്ക് കൊടുത്തതേ നമ്മുടെ മക്കളില്‍ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കു മക്കളില്‍ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും. ഇതാണ്പിതൃകര്‍മ്മസന്ദേശം.

അതിനാല്‍ കര്‍ക്കിടകമാസം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അന്യോന്യം ക്ഷമിക്കാനും പിതൃക്കളെ സ്മരിക്കാനുമായി രാമായണ പാരായണത്തിലൂടെ കഴിയുമാറാകട്ടെ.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍