ഫലാനുഭവകാലം.-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.








ഫലാനുഭവകാലം.-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.

പൂര്‍വജന്മങ്ങളില്‍ ചെയ്ത ദൃഢം അദൃഢം ദൃഢാദൃഢം എന്നീ മൂന്നു പ്രകാരമുള്ള കര്‍മ്മഫലങ്ങളെയാണ് ഈ ജന്മത്തില്‍ അനുഭവിയ്ക്കുന്നത് എന്നാണ് ഹോരാശാസ്ത്രത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ഗ്രഹങ്ങള്‍ അവരുടെ ദശാപഹാരാദി കാലങ്ങളില്‍ അവര്‍ക്ക് ആധിപത്യമുള്ള ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ അവരുടെ സ്ഥിതിഭേദം നിമിത്തം ഗ്രഹങ്ങള്‍ ഫലദാനത്തില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു. യോഗം ദൃഷ്ടി കേന്ദ്രസ്ഥിതി തുടങ്ങിയ അവസ്ഥകള്‍ ഇപ്രകാരം സ്വാധീനിയ്ക്കുന്നതായി കാണപ്പെടുന്നു.

പൃഷ്‌ഠോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ അവരുടെ ദശയുടെ അന്ത്യകാലത്തും, ഉഭയോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ ദശയുടെ മദ്ധ്യകാലത്തും, ശീര്‍ഷോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ അവരുടെ ദശയുടെ ആദ്യകാലത്തും അധികഫലങ്ങള്‍ നല്‍കുന്നു. പ്രശ്‌നകാലത്ത് ഏതൊരുഗ്രഹത്തിനെക്കൊണ്ടാണോ ലാഭനാശാദികള്‍ സൂചിപ്പിക്കപ്പെടുന്നത്. ആ ഗ്രഹത്തിന്റെ അയനം ക്ഷണം തുടങ്ങിയ കാലത്തെ ആ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ എത്ര നവാംശകം കടന്നുവോ ആ സംഖ്യകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന കാലം ആ ഫലാനുഭവത്തിനുവേണ്ടിവരും. അല്ലെങ്കില്‍ ലഗ്‌ന നവാംശകനാഥന് പറയപ്പെട്ടിരിയ്ക്കുന്ന അയനം ക്ഷണം തുടങ്ങിയ കാലങ്ങളെ ലഗ്‌നാധിപന്റെ അംശകസംഖ്യ കൊണ്ട് ഗുണിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നകാലം വേണ്ടിവരും എന്നും കണക്കാക്കാം.

ലഗ്‌നരാശി മുതല്‍ എത്രാമത്തെ രാശിയിലാണോ പാപഗ്രഹബന്ധം ആദ്യമായി ഉണ്ടാകുന്നത്. അത്ര സംഖ്യകൊണ്ട് ലഗ്‌നാധിപന് പറയപ്പെട്ടിരിയ്ക്കുന്ന അയനം ക്ഷണം ഇത്യാദി കാലത്തെ ഗുണിച്ചാല്‍ കിട്ടുന്ന കാലം ദോഷാനുഭവം ഉണ്ടാകും എന്നു കണക്കാക്കാം.

മറ്റൊരു വിധത്തില്‍ ഫലദാതാവായ ഗ്രഹം ഭാവത്തില്‍ നിന്നും ദൃശ്യരാശികളില്‍ നിന്നാല്‍ ഭാവഫലം താമസിയാതെയും, അദൃശ്യരാശികളില്‍ നിന്നാല്‍ ഭാവഫലം താമസിച്ചും ആണ്അനുഭവപ്പെടുക എന്ന് ഊഹിയ്ക്കാം.മറ്റൊരു വിധത്തില്‍ ഭാവാധിപന്‍ ഭാവത്തില്‍നിന്നും എത്രാമത്തെ രാശിയില്‍ നില്‍ക്കുന്നുവോ അത്ര ദിവസംകൊണ്ടോ, അത്ര ആഴ്ചകൊണ്ടോ, അത്ര മാസംകൊണ്ടോ അനുഭവം ഉണ്ടാകും എന്നുംപറയാവുന്നതാണ്. ദിവസമാണോ ആഴ്ചയാണോ എന്നുള്ളത് കാര്യത്തിന്റെ ലക്ഷണംകൊണ്ട് ഊഹിയ്‌ക്കേണ്ടതാണ്.

മറ്റൊരുവിധത്തില്‍ ഭാവാധിപന്‍ നില്‍ക്കുന്ന രാശയില്‍ ചാരവശാല്‍ ചന്ദ്രന്‍ ചെല്ലുന്നകാലം ഭാവാനുഭവകാലം ആയിരിയ്ക്കും. 

അനുകൂലഫലം തീര്‍ച്ചയായ സന്ദര്‍ഭത്തില്‍ ആദിത്യനോ ചന്ദ്രനോ ഫലദാനംചെയ്യുന്ന ഗ്രഹമോ ലഗ്‌നരാശിയിലോ ഫലദഗ്രഹത്തിന്റെ സ്വക്ഷേത്രങ്ങളിലോ, ഉച്ചരാശിയിലോ വരുന്നകാലവും ഫലാനുഭവകാലം ആയിരിയ്ക്കും. എല്ലാഗ്രഹങ്ങളും സ്വന്തനക്ഷത്രങ്ങളില്‍ വരുമ്പോള്‍ അതായത് സൂര്യന് കാര്‍ത്തിക ഉത്രം ഉത്രാടം, ചന്ദ്രന് രോഹിണി അത്തം തിരുവോണം ഇത്യാദി. സ്വന്തവാരങ്ങളിലും സൂര്യന് ഞായര്‍ ചന്ദ്രന് തിങ്കള്‍ ഇത്യാദി, സ്വന്തം ഋതുക്കളിലും ആദിത്യന് ഗ്രീഷ്മം, ചന്ദ്രന് വര്‍ഷം,കുജന് ഗ്രീഷ്മം, ബുധന് ശരത്ത്, ഗുരുവിന് ഹേമന്തം, ശുക്രന് വസന്തം, ശനിയ്ക്ക് ശിശിരം എന്നിങ്ങനെ. സ്വന്തം ദശാകാലം അപഹാരകാലം ഉദയകാലം അതായത് ഗ്രഹം നില്‍ക്കുന്നരാശി ഉദിയ്ക്കുന്ന സമയം, അസ്തമനകാലം അതായത് ഗ്രഹം നില്‍ക്കുന്നതിന്റെ ഏഴാം രാശി ഉദയകാലമായി വരുന്ന സമയം ഇവയെല്ലാം ഭാവാനുഭവത്തിന് അനുകൂലമായ കാലങ്ങള്‍ ആണ്. കൂടാതെ സൂര്യന് ഉത്തരായനവും ചന്ദ്രന് ദക്ഷിണായനവും അനുകൂലസമയങ്ങളാണ്.

ലഗ്‌നം ആദിത്യന്‍ ചന്ദ്രന്‍ ഇവയില്‍ ബലമുള്ളതിന്റെ കേന്ദ്രം പണപരം ആപോക്ലിമം എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ആയുസ്സിന്റെ ആദ്യം മദ്ധ്യം അവസാനം എന്നീ കാലങ്ങളില്‍ യഥാക്രമം ഫലം നല്‍കുന്നു. ജാതകവിശകലനത്തിന്റെ ഉദ്ദേശം അനുഭവങ്ങളെ സംബന്ധിച്ച ആകാംക്ഷയാണല്ലോ. നല്‍ ഫലമായാലും ക്ലേശഫലമായാലും ജീവിതത്തിലെ ഏതുകാലത്താണ് അവനുഭവപ്പെടുകയെന്നത് ഏവര്‍ക്കും ആകാംക്ഷയുണ്ടാകുന്ന വിഷയം ആണ്. സാമാന്യമായി ഫലദാതാവായ ഗ്രഹത്തിന്റേയോ കാരകഗ്രഹത്തിന്റേയോ അവയെ ദൃഷ്ടി യോഗം രാശിസ്ഥിതി അംശകനാഥത്വം അവ സ്ഥിതിചെയ്യുന്ന നക്ഷത്രാധിപത്യം എന്നീ ബന്ധങ്ങളുള്ള ഗ്രഹങ്ങളുടേയോ ദശ അപഹാര ഛിദ്ര കാലങ്ങളോ, അവയുടെ സ്വന്തം അഷ്ടകവര്‍ഗ്ഗത്തില്‍ അക്ഷാധിക്യമുള്ള രാശിയില്‍ ഗോചരസന്നാര കാലം എന്നിവയാണ് സാധാരണയായി ഗുണാനുഭവങ്ങളുടെ സാദ്ധ്യതാകാലം എന്നും. അഷ്ടകവര്‍ഗ്ഗത്തില്‍ അക്ഷശൂന്യമോ അക്ഷങ്ങള്‍ കുറവുള്ള രാശിയിലെ ഗോചരസന്നാര കാലം സാധാരണയായി ക്ലേശാനുഭവങ്ങളുടെ സാദ്ധ്യതാകാലം എന്നും അറിയപ്പെടുന്നു.

ഗ്രഹങ്ങള്‍ ഓരോകാലങ്ങളിലും അശ്വതിമുതല്‍ രേവതിവരെ 27 നക്ഷത്രമേഖലകളില്‍ സഞ്ചരിയ്ക്കുമ്പോള്‍ അശ്വതി മുതല്‍ രേവതിവരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് അനുഭവപ്പെടുന്ന ഫലത്തെ ഗ്രഹ ഗോചര ഫലം എന്നു പറയപ്പെടുന്നു. ഈ ഗോചരഫലത്തെ അറിയുന്നതിന് 2 വഴികള്‍ ജ്യോതിഷശാസ്ത്രത്തില്‍ ഉപദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

ഗോചരഗ്രഹവശാത്മനുജാനാം യച്ഛുഭാശുഭഫലാപ്യുപലബ്‌ധൈ്യ 
അഷ്ടവര്‍ഗ്ഗമിതി യത് മഹദുക്തം തത് പ്രസാദനമിഹാഭിദധീമഹ

അശ്വതി തുടങ്ങിയ നക്ഷത്രങ്ങളില്‍ സഞ്ചരിയ്ക്കുന്ന ഗ്രഹങ്ങള്‍ മൂലമായി മനുഷ്യര്‍ക്ക് അനുഭവപ്പെടുന്ന ശുഭാശുഭഫലങ്ങള്‍ അറിയുന്നതിനായി അഷ്ടകവര്‍ഗ്ഗം എന്ന രീതില്‍ മഹാന്മാരാല്‍ യാതൊരു വിധം ഉപദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ ആ വഴിതന്നെ ഇവിടെ പറയപ്പെടുന്നു, എന്ന മന്ത്രേശ്വരവചനം അനുസരിച്ച് അഷ്ടകവര്‍ഗ്ഗമനുസരിച്ച് താല്‍ക്കാലിക ശുഭാശുഭഫലങ്ങളെ അറിയുന്നതും, മറ്റൊന്ന് 

സര്‍വ്വേഷു ലഗ്‌നേഷ്വപി സത്‌സു ചന്ദ്രലഗ്‌നം പ്രധാനം ഖലു ഗോചരേഷു 
തസ്മാദക്ഷാദപി വര്‍ത്തമാന ഗ്രഹേന്ദ്രചാരൈഃ കഥയേത്ഫലാനി

ജന്മലഗ്‌നം, ഭാവലഗ്‌നം, ദശാനാഥന്‍ അപഹാരനാഥന്‍ ഇവര്‍ സ്ഥിതിചെയ്യുന്ന ലഗ്‌നം, ചന്ദ്രലഗ്‌നം ഇവകളില്‍ ഗോചരവിശകലനത്തില്‍ ചന്ദ്രലഗ്‌നം പ്രധാന്യത്തോടെ പരിഗണിയ്ക്കപ്പെടുന്നു. ആകയാല്‍ ജന്മകാലത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്നും ഗോചരത്തില്‍ ഏതേതുസ്ഥാനത്തില്‍ ഗ്രഹങ്ങള്‍ സഞ്ചരിയ്ക്കുന്നുവോ അത്തരം സഞ്ചാരത്തിന് എന്തു ഫലമാണോ പറയപ്പെട്ടിരിയ്ക്കുന്നത് അവയെപറയുകയെന്ന മന്ത്രേശ്വരവാക്യപ്രകാരം ജനന കാല ചന്ദ്രലഗ്‌നത്തില്‍ നിന്നും ഗ്രഹങ്ങള്‍ അതാതു സ്ഥാനങ്ങളില്‍ സഞ്ചരിയ്ക്കുന്നതിനു പറയപ്പെട്ട ഫലങ്ങളെ അറിയുവാന്‍ ഈ രണ്ട് വഴികളില്‍ ആദ്യത്തെ രീതിയായി അഷ്ടകവര്‍ഗ്ഗ ഫലനിര്‍ണ്ണയം എന്ന ഗ്രന്ഥത്തില്‍ വിശദമായിപറയപ്പെട്ടിട്ടുള്ളതിനെ കാണുക.ചന്ദ്രലഗ്‌നത്തില്‍ നിന്നും അറിയുവാനുള്ള രണ്ടാമത്തെ വഴി ഇവിടെ വിവരിയ്ക്കുന്നു.

വരാഹമിഹിരാചാര്യര്‍ ഈ അദ്ധ്യായം 46ന്നാമത്തെശ്ലോകത്തില്‍ ഗ്രഹഗോചരം മൂലം പറയപ്പെട്ടഫലം ചില അനുഭവങ്ങള്‍ യോജിച്ചും ചിലവ യോജിയ്ക്കാതെയും വരുന്നതിനും കാരണം എന്തെന്ന ആക്ഷേപത്തിന് മറുപടി പറയുന്നു. 

അപികാലമപേദ്യച പാത്രം ശുഭകൃദ്വിദധാത്യനുകൂലം 
നമദ്ധ്യൗ ബഹുകം കുടവേവാ വിസൃജത്യാപി മേഘവിതാനഃ 

ശുഭമായ ഗോചരം നടക്കുന്നകാലത്ത് ദശയും ശുഭമായിരുന്നാല്‍ മാത്രമേ ഗോചരഫലം അനുകൂല ഫലം നല്‍കുന്നുള്ളൂ. ഇല്ലെങ്കില്‍ ഗോചരം മാത്രം എത്ര ശുഭമായിരുന്നാലും ശുഭഫലം ലഭിയ്ക്കുന്നതല്ല. വസന്തഋതുവില്‍ ആകാശത്തില്‍ ധാരാളം മേഘങ്ങള്‍ കൂടിയാലും കുടവം എന്ന (ഉടല്‍വലുതായി മുഖംകുറുകിയ) പാത്രത്തില്‍ ആ പാത്രം നിറയുന്നത്ര അധികജലത്തെ എപ്രകാരം പൊഴിയുന്നില്ലയോ? അപ്രകാരം ഈ വിഷയത്തിലും കണ്ടുകൊള്ളുക, എന്നു പറഞ്ഞിരിയ്ക്കുന്നതിനാല്‍ ജ്യോതിഷം നോക്കുമ്പോഴും ആചാര്യന്‍ പറഞ്ഞ നിസര്‍ഗ്ഗ ദശയെ പിണ്ഡായുര്‍ദായദശകളോ ഭുക്തിയോ പരാശരര്‍ തുടങ്ങിയവര്‍ പറഞ്ഞ ഉഡുദശയോ, ഭുക്തിയൊ ശുഭമായിരിയ്ക്കുന്ന സമയം ഗോചരവും ശുഭമായാല്‍ ശുഭഫലമുണ്ടാകുമെന്നും, ദശാഭുക്തി അശുഭമായാല്‍ ഗോചരം ശുഭമായിരുന്നാലും ഗോചരവശാല്‍ ശുഭഫലം നല്‍ക്കുമ്പോഴും അശുഭഫലംകൂടി അനുഭവപ്പെടും എന്നു പറയുന്നതില്‍ നിന്നും ഒരുവന്നടക്കുന്ന ദശ ശുഭമാണോ അശുഭമാണോ എന്നുള്ളതും, ദശാനാഥന്റെ ബലാബലനിര്‍ണ്ണയത്തേയും അറിയേണ്ടത് അവശ്യമാകുന്നു. അതിനാല്‍ എപ്രകാരമിരുന്നാല്‍ ദശാനാഥനായ ഗ്രഹം ശുഭനാകുമെന്നും, എപ്രകാരമിരുന്നാല്‍ അശുഭനാകുമെന്നും ആദ്യം നിര്‍ണ്ണയിയ്‌ക്കേണ്ടതാണ്. അതു താഴെ പറയുന്നതു പോലെയാണ്.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍