ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151









ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151
     ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്.

     അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം.
     ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നിന്നോ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇയാള്‍ക്ക് മറ്റുള്ളവരുടെ ധനത്തില്‍ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുകയും ചെയ്യും. ചപലബുദ്ധിയുള്ള ആളായിരിക്കും. മറ്റുള്ളവരുടെ ഭാര്യ/ഭര്‍ത്താവില്‍ നോട്ടമുണ്ടായിരിക്കും. ഇയാള്‍ സുഖാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കും. കണ്ണിനു ബലം കുറവായിരിക്കും. വളരെയധികം ദുര്‍ബുദ്ധിയുള്ള ഈ വ്യക്തി സ്വന്തം കാര്യസാധ്യത്തിനുവേണ്ടി സ്വന്തക്കാരെയും, ബന്ധുക്കളേയും വേദനിപ്പിക്കാന്‍ മടിക്കില്ല. അതുപോലെ തന്നെ ഇയാള്‍ വേണ്ടാത്ത കാര്യങ്ങള്‍ക്ക് വേണ്ടി കാശ് ചിലവാക്കുന്നവനും ആയിരിക്കും. അതു കൊണ്ടായിരിക്കും ഈ ജാതകക്കാരന് ധനനഷ്‌ടം സംമ്പവിക്കുമെന്നു പറയുന്നത്.

     ഈ ജാതകന് ദൈവവിശ്വാസം കുറവായിരിക്കും. അതുപോലെ തന്നെ നിര്‍ഭയനും, നിര്‍ബന്ധ ബുദ്ധിക്കാരനും ആയിരിക്കും. അസംബന്ധ കാര്യങ്ങളില്‍ ഇടപെടുന്ന സ്വഭാവമുണ്ടായിരിക്കും. ഇയാള്‍ വിദേശത്തുപോയി ജോലി ചെയ്യാന്‍ സാധ്യതയുണ്ട്.

     ഇയാളെ മറ്റുള്ളവര്‍ അറിയപ്പെടുന്നത് കൊപിഷ്ട്നായിട്ടായിരിക്കും. മൊത്തത്തില്‍ പന്ത്രണ്ടാം ഭാവത്തില്‍ ആരുടെയെങ്കിലും ജാതകത്തില്‍ കുജന്‍ നില്‍ക്കുകയാണെങ്കില്‍ ആ വ്യക്തി എല്ലാതരത്തിലുള്ള ദുസ്വഭാവങ്ങളുടെയും വിളനിലമായിരിക്കും എന്നു വെണം പറയാന്‍.
     ഇപ്പോള്‍ കുജന്‍ ജാതകത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ഭാവങ്ങളില്‍ നിന്നാലുള്ള ഫലങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ഭൂരിഭാഗം ഭാവങ്ങളിലും കുജന്‍ നിന്നാല്‍ ഫലങ്ങള്‍ വളരെയധികം മോശപ്പെട്ടവയാണെന്ന് നാം കണ്ടു. ഇതിന് പ്രധാന കാരണം കുജന്‍ വളരെയധികം ക്രൂരസ്വഭാവങ്ങളുള്ള പാപഗ്രഹമായാത് കൊണ്ടാണ്. അതുകൊണ്ടാണ് ചൊവ്വ ദോഷത്തിനു ഇത്രയധികം പ്രാധാന്യം വരാന്‍ കാരണം എന്നു നാം മനസ്സിലാക്കണം.

     കൂടാതെ കുജന്‍ അതിരിക്കുന്ന ഭാവത്തില്‍ നിന്ന് മൂന്നു സ്ഥലത്തേക്കുള്ള ദൃഷ്ടികള്‍ ഉണ്ടെന്ന കാര്യം നാം മറന്നു കൂടാ. അതുകൊണ്ടാണ് ഇത്രയധികം ദോഷങ്ങള്‍ വരുന്നത്.
     കുജനുശേഷം അടുത്തതായി ശുഭാഗ്രഹമായ ബുധന്‍ ഓരോ ഭാവങ്ങളിലും നിന്നാലുള്ള ഫലങ്ങളാണ് നമ്മള്‍ അറിയാന്‍ പോകുന്നത്.

     ജാതകത്തില്‍ ബുധന്‍ ലഗ്നത്തില്‍ നില്‍ക്കുന്നതുകൊണ്ട് മറ്റുഗ്രഹങ്ങളുടെ ദുസ്ഥാനസ്ഥിതി കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ ഒരളവുവരെ പരിഹരിക്കുന്നു. ഈ ലഗ്നക്കാര്‍ തങ്ങളുടെ ജീവിതം എഴുത്തിലും വായനയിലും കഴിച്ചു കൂട്ടുവാനിഷ്ട്പ്പെടുന്നത്. ഇവര്‍ക്ക് ഒരേ സമയത്ത് പല കാര്യങ്ങളിലും താല്‍പര്യമുണ്ടായിരിക്കും.ഇവരില്‍ പലരും സ്വയം ചികിത്സപോലും അറിയാവുന്നവരായിരിക്കും. ഇവര്‍ വളരെ ബുദ്ധിശാലികളായിരിക്കും എന്നുള്ളതാണ് ഒരു പ്രത്യേകത. പല കാര്യങ്ങളിലും ഇവര്‍ ഒരേ സമയത്ത് വിദ്വാന്‍മാരയിരിക്കും.

     നല്ലബുദ്ധി സാമര്‍ത്ഥ്യമുള്ളതുപോലെ സരസമായും, സൗമ്യമായും സംസാരിക്കാനും ഇവര്‍ക്കറിയാം. നീതി, നിപുണത, നൃത്തഗീതവാദ്യങ്ങളില്‍ തല്‍പരത, ദാനശീലം എന്നിവ ഇവരുടെ പ്രത്യേകതയായിരിക്കും.

     ജാതകത്തില്‍ ബുധനോടൊപ്പം വേറെ പാപഗ്രഹങ്ങളൊന്നുമില്ലെങ്കില്‍ നല്ല ആഹാരം കഴിക്കാനും ദഹന ഇന്ദ്രിയങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും. അതായത് ജാതകന് അത്തരം സാഹചര്യങ്ങളില്‍ ജീവിക്കാനുള്ള സൗകര്യം കിട്ടും എന്നര്‍ത്ഥം. ദഹനസംബന്ധമായ രോഗങ്ങള്‍ വരില്ല എന്നര്‍ത്ഥം.

     ഇയാള്‍ക്ക് ജനിച്ച നാടു വിട്ട് പരദേശത്ത് താമസ്സിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായത്തെക്കാള്‍ കൂടുതല്‍ യുവത്വം ഉള്ളയാളായി തോന്നിക്കുകയും ചെയ്യും.
     ബുധന്‍ ഇരിക്കുന്നത് ഏതെങ്കിലും ആഗ്നേയ രാശിയിലോ, മറ്റോ ആണെങ്കില്‍ ഈ വ്യക്തിക്ക് പെട്ടന്ന്‍ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരിക്കും.

     അതുപോലെ ബുധന്‍ ധനുരാശിയിലാണെങ്കില്‍ ജാതകന്‍ വളരെ സഹന സ്വഭാവത്തോട് കൂടിയ ആളായിരിക്കും. ബുധന്‍ ഇരിക്കുന്നത് ഇടവം, കന്നി, മകരം എന്നിവയില്‍ ഏതെങ്കിലുമോന്നിലാണെങ്കില്‍ ആദ്യം പറഞ്ഞ നല്ലഗുണങ്ങള്‍ ഒന്നും ജാതകന് കിട്ടാതെ വരുന്നു. അതുകൂടാതെ ജാതകന്‍ നിര്‍ബന്ധ ബുദ്ധിക്കാരനും വഞ്ചനാ സ്വഭാവമുള്ളയാളും ആയിരിക്കുകയും ചെയ്യും.

     പക്ഷെ ബുധന്‍ ഇരിക്കുന്നത് മിഥുനം, കുംഭം, തുലാം രാശികളില്‍ ആണെങ്കില്‍ അയാള്‍ ആദ്യം പറഞ്ഞത് പോലെ ബുദ്ധിമാനും വളരെയധികം വിദ്യാസമ്പനനും ആയിരിക്കും. അതുകൂടാതെ തന്ത്രമന്ത്രാദികളില്‍ അറിവും പല ദേശങ്ങളില്‍ യാത്രയും ചെയ്യേണ്ടി വരികയും ചെയ്യും. 

ബുധനോട് കൂടി ഏതെങ്കിലും പാപഗ്രഹം നിന്നാല്‍ പിത്ത സംബന്ധമായ രോഗങ്ങള്‍ കൂടാതെ ജാതകന് ത്വക് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ബുധന്‍ ഓജ രാശിയിലായാല്‍ വിദ്യാഭ്യാസം നേരത്തെ പൂര്‍ത്തിയാക്കി എഴുത്തുക്കാരനോ, ജേണലിസ്റ്റോ ആകാന്‍ സാധ്യതയുണ്ട്. കര്‍ക്കിടകം, വൃശ്ചികം, മീനം മുതലായ ഏതെങ്കിലും രാശികളില്‍ ഏതെങ്കിലും ആണെങ്കില്‍ ഇയാള്‍ പ്രൂഫ്‌രീഡിംഗ് മുതലായ തൊഴിലുകള്‍ ചെയ്യുന്ന ആളായിരിക്കും. മേടം, ചിങ്ങം, ധനു ഇവയില്‍ ബുധന്‍ നിന്നാല്‍ അതിനോടൊപ്പം ശുക്രനും ബലവാനായി ഇരുന്നാല്‍ അവര്‍ ‘മിമിക്രി’ കലാകാരന്മാര്‍ ആകാനാണ് സാധ്യത.

     ബുധന്‍ ജാതകത്തില്‍ രണ്ടാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

     രണ്ടില്‍ ബുധന്‍ നില്‍ക്കുകയാണെങ്കില്‍ ജാതകന് ബുദ്ധിശക്തി, സാമര്‍ത്ഥ്യം കൈയ്യുക്ക് എന്നീ ഗുണങ്ങള്‍ ഉണ്ടാകും. നല്ല വാക് ശക്തി ഉണ്ടായിരിക്കും. വലിയ പ്രതാപിയും, സംഗീതജ്ഞനും ആയിരിക്കും. സര്‍ക്കാര്‍ ബഹുമതികള്‍(അവാര്‍ഡുകള്‍) ധാരാളം ലഭിക്കും.സ്വന്തം ബുദ്ധിയും, പ്രയത്നവും കൊണ്ട് ധനം സമ്പാദിക്കും. ഇയാള്‍ വലിയ സദാചാരിയും ആയിരിക്കും. നല്ല സ്നേഹത്തോടെ പെരുമാറാനും സൌഹൃദങ്ങള്‍ സമ്പാദിക്കാനും കഴിയും. പക്ഷെ, ഇദ്ദേഹത്തിന് മൃഷ്ടാന്ന ഭോജനത്തില്‍ വളരെയധികം താത്പര്യമുണ്ടായിരിക്കും. ഭാഗ്യവശാല്‍ ഇയാള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ എപ്പോഴും ലഭിക്കുകയും ചെയ്യും. സമ്പാദിച്ച ധനം നഷ്ട്പ്പെട്ടാലും ഇയാള്‍ക്ക് വീണ്ടും സമ്പാദിക്കാനുള്ള കഴിവും സാഹചര്യങ്ങളും ഉള്ളത് കൊണ്ട് അതൊരു പ്രശ്നമായി മാറാറില്ല. ഈ ജാതകന്‍ വളരെയധികം ഗുരുഭാക്തിയുള്ള ആളായിരിക്കും. അതുപോലെ തന്നെ ഈ ജാതകന്‍ നീതി പൂര്‍വമായ കാര്യങ്ങളില്‍ മാത്രമേ ഇടപെടുകയുള്ളൂ. ദൈവഭയവും, ഭക്തിയുമുള്ള ഈ ആള്‍ക്ക് ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ച ഉണ്ടായിരിക്കുകയും ചെയ്യും.

     ചിങ്ങത്തിലോ, കുംഭത്തിലോ രണ്ടാംഭാവമായി ബുധന്‍ ഇരുന്നാല്‍ ഈ ജാതകന്‍ മൂന്ന് തലമുറയ്ക്ക് വേണ്ട സ്വത്തുക്കള്‍ സമ്പാദിക്കും എന്നാണ് പറയുന്നത്.

     ഇയാള്‍ വിദ്യാഭ്യാസ രംഗത്തും, ശാസ്ത്രരംഗത്തും, വ്യാപാരത്തിലും എന്നു വേണ്ട ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നല്ല വിജയം കൈവരിക്കും.

               ബുധന്‍ ധന കാരകത്വം ഇല്ലെങ്കിലും രണ്ടില്‍ ബുധന്‍ നിന്നാല്‍ (വാക് സ്ഥാനവും ധനസ്ഥാനവും ആയതുകൊണ്ട്) എഴുത്തുക്കാര്‍, അധ്യാപകര്‍, വകീലന്മാര്‍ എന്നീ നിലകളില്‍ ധനലാഭം ഉണ്ടാകും എന്നു വേണം കരുതാന്‍.

     ബുധന്‍ ധന്കാരകത്വമില്ലെങ്കിലും മറ്റു പല കാരകങ്ങളായ മന്ത്രിസ്ഥാനം, പ്രശസ്തി, ബുദ്ധി, വൈദ്യം, എഴുത്ത്, വാണിജ്യം, ജ്യോതിഷം, വിദ്യ, ധനശേഖരം എന്നീ കാരകങ്ങള്‍ ഉള്ളതുകൊണ്ട് ധനസ്ഥാനത്തു (രണ്ടാംഭാവം) ബുധന്‍ ബലവാനായി നിന്നാല്‍ ആ ജാതകന്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും ശരിയായ വഴിയിലൂടെ മാത്രം ധനം സമ്പാദിക്കും എന്നു വേണം പറയാന്‍.

     ഇയാള്‍ തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കാനിഷ്ടപ്പെടാത്ത വ്യക്തി ആയിരിക്കും എന്നുകൂടി ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്.
     
 



Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151