തിരുവൈരാണികുളം ക്ഷേത്രം...sampadanam- Raveendran Nair.9871690151.
തിരുവൈരാണികുളം ക്ഷേത്രം...
ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപം ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.നമസ്ക്കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും ,ഭക്തപ്രിയയായ ഭദ്രകാളിയേയും കന്നിരാശിയിൽ കിഴക്കു ദർശനമായി കലികാലവരദനായ ധർമ്മശാസ്താവിനെയും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു
ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും ഒരേ ശ്രീകോവിലിൽ അന്നഭിമുഖരായി വാണരുളുന്ന ഈ പുണ്യ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ പന്ത്രണ്ട് ദിവസം വളരെ പ്രധാനമാണ്. ശ്രീ പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ടു ദിവസം മാത്രമേ തുറക്കുകയുള്ളു എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. പാർവ്വതീദേവിയുടെ നട വർഷത്തിൽ 12 നാൾ മാത്രമാണ് ദർശനത്തിന് തുറക്കുന്നതെങ്കിലും ദേവിക്ക് പതിവായി നിവേദ്യവും വഴിപാടുകളും നടത്തണം .മഹാദേവൻറെ ശ്രീകോവിലിനു പിന്നിലൂടെയുള്ള കവാടത്തിലൂടെ ചെന്നാണ് ക്ഷേത്രം മേൽശാന്തി വഴിപാടുകൾ നടത്തുന്നത്. ദാരുവിഗ്രഹമായതിനാൽ ദേവിക്ക് ജലാഭിഷേകമില്ല മഞ്ഞൾപ്പോടിയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത് ഉത്സവദിവസങ്ങളിൽ ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളുമുണ്ട്
ഇവിടുത്തെ ഋഷഭ പ്രതിഷ്ഠ ഏറെ പ്രാധ്യാന്യമുള്ളതാണ് . ഋഷഭത്തെ തൊട്ടുവന്ദിക്കാൻ പാടില്ല . മണ്ഡപം വൃത്തിയാക്കുന്നതുപോലും ഊരാണ്‍മക്കാരോ പൂജാരിയോ ആണ്
ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം.ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു.
ഐതിഹ്യം
പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽ നിത്യവും കുളിച്ചു തൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം
വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സർവ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടർന്ന് ഭക്തന്റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു...
Comments