കുംഭ മേള - ജ്യോതിഷം, പുരാണം,ചരിത്രം എന്നിവയിലുടെ.രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍-9871690151




കുംഭ മേള  - ജ്യോതിഷം, പുരാണം,ചരിത്രം എന്നിവയിലുടെ

രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍-9871690151

‘കുംഭ മേള’ എന്നു കേള്‍ക്കാത്തവര്‍ നമ്മുടെ ഭാരതത്തില്‍ ആരും തന്നെയുണ്ടാവില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയവാന്‍ ഇടയില്ല, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും ഇതിനെ കുറിച്ചു അറിയാതിരിക്കുവാന്‍ തരമില്ല.

ഭാരതത്തില്‍ നാലു സ്ഥലങ്ങളിലാണ്‌ കുംഭമേളകള്‍ നടക്കാറുള്ളത്- ഹരിദ്വാര്‍(ഉത്തരാഖണ്ട്), അല്ലാഹാബാദ്(ഉത്തര്‍ പ്രദേശ്‌), നാസിക്(മഹാരാഷ്ട്രാ), ഉജ്ജൈന്‍(മധ്യപ്രദേശ്) എന്നി സ്ഥലങ്ങളാണവ.
സാധാരണയായി 12 വര്‍ഷത്തിലോരിക്കളാണ് “പൂര്‍ണ്ണ കുംഭ” മേളകള്‍ നടക്കാറുള്ളത്.  പക്ഷെ 6 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇത്തരം മേളകള്‍ നടക്കാറുണ്ട്. അതിനെ ‘അര്‍ദ്ധ കുംഭം’ എന്നാണ് പറയുന്നത്. ഈ അര്‍ദ്ധ കുംഭ മേളകള്‍ പ്രയാഗിലും(അല്ലാഹാബാദ്), ഹരിദ്വാറിലും മാത്രമേ നടക്കാറുള്ള്. മറ്റുള്ള രണ്ടു സ്ഥലത്തും പൂര്‍ണ്ണ കുംഭ മേളകള്‍ മാത്രമേ നടക്കാറുള്ള്.

മേല്‍ പറഞ്ഞ നാല് സ്ഥലങ്ങളിലും ഈ മേളകള്‍ നടക്കാറുള്ളത് വ്യത്യസ്ത സമയങ്ങളിലാണ്. ഈ കുംഭ മേളകള്‍ക്ക് ചരിത്രവും, പുരാണവും, ജ്യോതിഷവുമായി വളരെയധികം ബന്ധവും, പ്രധാന്യവുമുണ്ട്. ആദ്യം നമ്മുക്ക് ജ്യോതിഷപരമായ ബന്ധം എന്താണെന്നു നോക്കാം.

ഇപ്പോള്‍(2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നലുമാസക്കാലം) ഹരിദ്വാറില്‍ നടന്നു കൊണ്ടിരിക്കുന്നത് അര്‍ദ്ധ കുംഭ മേളയാണ്. . ഈ കുംഭ മേളക്ക് ‘സിംഹസ്ഥ കുംഭ്’ എന്നാണ് ഉത്തരേന്ത്യക്കാര്‍ പറയുന്നത്. അതായത് സിംഹ രാശിയില്‍ ഗുരു ഇരിക്കുമ്പോള്‍ നടക്കുന്ന കുംഭ മേള എന്നര്‍ത്ഥം. നമ്മുടെ മലയാളത്തിലെ ചിങ്ങ രാശിക്കാണ് ഉത്തരേന്ത്യയില്‍ സിംഹ രാശിഎന്ന് പറയുന്നത്. കുംഭ മേളകളിലെ പ്രധാനപ്പെട്ട ചടങ്ങ് ‘സ്നാനമാണ്’. സ്നാനം ചെയ്യുവാനും, ശ്രാദ്ധം മുതലായ ചടങ്ങുകള്‍ ചെയ്യുവാനും വേണ്ടിയാണ് കോടി കണക്കിനു വിശ്വാസികള്‍ ഹരിദ്വാറിലെത്തുന്നത്. ആറു വര്‍ഷത്തിനു മുമ്പ് 2010 ജനുവരിയില്‍ പൂര്‍ണ്ണ കുംഭം നടന്നപ്പോള്‍ ആ കാലയളവില്‍ മകര സംക്രാന്തി മുതല്‍ മേട സംക്രാന്തി വരെ (4 മാസക്കാലം) ഏകദേശം 4 കോടി ജനങ്ങളെങ്കിലും മേളയില്‍ പങ്കെടുത്തു എന്നാണ് സംഘാടകരുടെ(ഗവണ്മെന്റ്) കണക്ക്.
‘അര്‍ദ്ധ കുംഭം’ നടക്കുന്നത് ഒരു പൂര്‍ണ്ണ കുംഭത്തിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് എന്നു മുമ്പ് പ്രതിപാതിചുവല്ലോ? അര്‍ദ്ധ കുംഭം നടക്കുമ്പോള്‍ ഗുരു ചിങ്ങം രാശിയിലും സൂര്യന്‍ മകരം രാശിയിലും ആയിരിക്കും. അതിനു ശേഷം സൂര്യന്‍ മേടം രാശിയില്‍ എത്തുന്നത്‌ വരെ ഈ മേള (കഷ്ട്ടിച്ചു നാലുമാസം) തുടരും. അതു പോലെ തന്നെ ഹരിദ്വാറിലെ ‘പൂര്‍ണ്ണ കുംഭ മേള’ നടക്കുന്ന സമയത്ത്(2010) ഗുരു കുംഭ രാശിയിലായിരിക്കും. അതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാല്‍ ഗുരു ചിങ്ങത്തിലെത്തുന്നു. വീണ്ടും ആറു വര്‍ഷത്തിനു ശേഷം ഗുരു കുംഭത്തില്‍ എത്തുന്നു. ഗുരു കുംഭത്തില്‍ ആണെങ്കിലും, ചിങ്ങത്തില്‍ ആണെങ്കിലും ‘മേള’ തുടങ്ങുന്നത് മകര സംക്രാന്തിക്ക് തന്നെ. അതായത് ഒരു വ്യാഴവട്ടക്കാലത്ത്(12 കൊല്ലത്തില്‍) രണ്ടു മേളകള്‍ നടക്കുന്നു എന്നര്‍ത്ഥം. ഈ മേളകളില്‍ സ്നാനങ്ങളും, പിതൃ ശാന്തിക്കു വേണ്ടിയുള്ള കര്‍മ്മങ്ങളും ആണ് പ്രധാനം എന്നു പറഞ്ഞുവല്ലോ? ഇതില്‍ സ്നാനത്തിനു പ്രധാനപ്പെട്ട ദിവസങ്ങള്‍ താഴെ പറയുന്നവയാണ്.

1.       മകരസന്ക്രാന്തി (14-01-2016) വ്യാഴാഴ്ച്ച
2.       സോമവതി അമാവാസ്യ(മൌനി അമാവാസ്യ) (08-02-2016) തിങ്കളാഴ്ച്ച
3.       വസന്ത പഞ്ചമി (13-02-2016) ശനിയാഴ്ച്ച
4.       മാഘി പൂര്‍ണ്ണിമ (22-02-2016) തിങ്കളാഴ്ച
5.       മഹാ ശിവരാത്രി (07-03-2016) തിങ്കളാഴ്ച
6.       ചൈത്ര അമാവാസി (07-040-2016) വ്യാഴാഴ്ച
7.       ചൈത്രശുക്ല പ്രതിപദ (08-04-2016) വെള്ളിയാഴ്ച
8.       മേടസംക്രാന്തി (14-04-2016) വ്യാഴാഴ്ച
9.       രാംനവമി (15-04-2016) വെള്ളിയാഴ്ച
10.   ചൈത്രശുക്ല പൂര്‍ണ്ണിമ (22-04-2016) വെള്ളിയാഴ്ച
ഇത് കൂടാതെ പലരും ഇതിനു ശേഷമുള്ള 2 വിശേഷ ദിവസങ്ങളില്‍ കൂടി സ്നാനം ചെയ്യാറുണ്ട്.
11.   വൈശാഖ കൃഷ്ണപക്ഷ ഏകാദശി (03-05-2016) ചൊവാഴ്ച
12.   വൈശാഖ അമാവാസി (06-05-2016) വെള്ളിയാഴ്ച
ഇതോടു കൂടി സ്നാനങ്ങള്‍ എല്ലാം അവസാനിക്കുന്നു.
ഇതിനു മുമ്പുള്ള ‘പൂര്‍ണ്ണ കുംഭമേള’ നടന്നത് 2010ല്‍ ആയിരുന്നു. ഈ സ്നാനത്തിനായി നമ്മുടെ നാടിന്‍റെ പല ഭാഗങ്ങളിലും ഉള്ള സന്യാസി സമൂഹങ്ങള്‍ ഹരിദ്വാറില്‍ എത്തിയിരിക്കും. ഓരോ സന്യാസി സമൂഹത്തിനും പ്രധാനപ്പെട്ട ദിവസങ്ങളില്‍ സമയവും, സ്നാനം ചെയ്യേണ്ട സ്ഥലവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ആ സ്ഥലങ്ങളില്‍ മാത്രം പറഞ്ഞ സമയത്ത് തന്നെ വേണം അവര്‍ക്ക് സ്നാനം ചെയ്യാന്‍. കാരണം പല സന്യാസി സമൂഹങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ അവര്‍ തമ്മില്‍ തമ്മില്‍ മിത്ര സ്ഥിതിയിലല്ല എന്നര്‍ത്ഥം. എന്തെങ്ങിലും അനര്‍ത്ഥങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഉഴിവക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ ‘പൂര്‍ണ്ണ കുംഭമേള’യില്‍ (2010) മേടസംക്രാന്തിക്കു മാത്രം ഒരു ദിവസം ഒരു കോടി ജനങ്ങള്‍ സ്നാനം ചെയ്തു എന്നു പറയുമ്പോള്‍ നമ്മുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര തിരക്കാണ് എന്ന് ഊഹിക്കാമല്ലോ? ഇത്തരം മേളകളില്‍ തിക്കും തിരക്കും അതു മൂലമുള്ള മരണങ്ങളും സാധാരണമാണ്.
     ഈ കുംഭമേളകള്‍ക്ക് ചരിത്ര പ്രാധാന്യം ഉണ്ട് എന്നു പറഞ്ഞുവല്ലോ? പണ്ട് കാലത്ത് മുഗള്‍മാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരില്‍ പലരും ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തുക മാത്രമല്ല അവരുടെ മതപരമായ കാര്യങ്ങളിലും സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. ഇതറിഞ്ഞു അന്നത്തെ കാലത്ത് നാലു മടങ്ങളിലുള്ള ശങ്കരാചാര്യന്മാര്‍ ഹിന്ദു ധര്‍മ്മ രക്ഷാര്‍ത്ഥം സാധു-സന്യാസി സമൂഹത്തെ ഒന്നിച്ചു വിളിച്ചിരുത്തി ചര്‍ച്ചകള്‍ ചെയ്യുവാനായി ഹരിദ്വാര്‍ തിരഞ്ഞെടുത്തു. അതിനു ശേഷം അല്ലാഹാബാദില്‍ വര്‍ഷം തോറും നടക്കാറുള്ള ‘മാഘാ 
മേളകളും’ ഇതിനു വേദിയായി. അവിടെ നിന്നാണ് ഈ മേളകള്‍ തുടങ്ങിയത് എന്നാണ് ഒരഭിപ്രായം.

      കുംഭമേളക്ക് പുരാണവുമായുള്ള ബന്ധം കൂടി നോക്കാം.

 ദേവസുരന്മാര്‍ പാലാഴി കടഞ്ഞതും അമൃത് കിട്ടിയതും എല്ലാവര്‍ക്കും അറിയാവുന്ന കഥയാണ്. നിറഞ്ഞ അമൃത് കുംഭം വിഷ്ണുവിന്‍റെ സഹായത്താല്‍ ഇന്ദ്രന്‍റെ കയ്യില്‍ വന്നു. ഇന്ദ്രന്‍റെ കയ്യില്‍ നിന്നും അതിനെ രക്ഷിക്കാന്‍ വേണ്ടി ഇന്ദ്രന്‍റെ പുത്രന്‍ ജയന്തന്‍ ആ നിറഞ്ഞു തുളുമ്പുന്ന അമൃത് കുംഭവുമായി ഓടാന്‍ തുടങ്ങി, അസുരന്മാര്‍ പിന്നാലെയും. അമൃത് കുംഭത്തിനായി ദേവന്മാരും അസുരന്മാരും 12 ദേവദിവസം യുദ്ധം ചെയ്തു.(ദേവന്മാരുടെ ഒരു ദിവസം നമുക്ക് 1 വര്‍ഷം- അതായത് 12 വര്‍ഷം). ഈ അമൃത് കുംഭത്തിനെ രക്ഷിക്കുന്നതിനിടയില്‍ ഭൂമിയുടെ പല ഭാഗത്തും അതിന്‍റെ കണങ്ങള്‍ വീണിട്ടുണ്ട്. ആ സ്ഥലങ്ങളാണ് പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവ. ഈദേവാസുര യുദ്ധ സമയത്ത് അമൃത് കുംഭത്തെ രക്ഷിക്കാനായി ബ്രുഹസ്‌പതി(ഗുരു), സൂര്യന്‍, ചന്ദ്രന്‍ എന്നിവര്‍ പ്രത്യേക സഹായങ്ങള്‍ ചെയ്തിരുന്നു.അതു കൊണ്ടാണ്  എല്ലാ കുംഭമേള സമയത്തും  ഈ  ഗ്രഹങ്ങളളുടെ ചാര വശാല്‍ ഉള്ള ഇരുപ്പിന് പ്രാധാന്യം കല്‍പ്പിക്കാന്‍ കാരണം.                                    
(അടുത്ത ലക്കത്തില്‍  ഉജ്ജൈയിനില്‍ കുംഭമേള- 21 മേയ് 2016 മുതല്‍)



Raveendran Nair (Jyotish Alankar)

B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151

https://g.co/kgs/ujjSYL 

https://g.co/kgs/ujjSYL


Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More

     

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍