വള്ള സദ്യയും ചടങ്ങുകളും..... സംബാധകന്‍-രവീന്ദ്രന്‍ നായര്‍. 9871690151.









ഒരു പക്ഷെ കേരളത്തിലെ വടക്കൻ ജില്ല കളിൽ താമസിക്കുന്ന വർക്ക്‌ -എറണാകുളം  മുതൽ വടക്കോട്ട് -ഈ വള്ള സദ്യയെ കുറിച് അത്രയധികം അറിഞ്ഞു കൊള്ളണം എന്നില്ല. അവർക്കു വേണ്ടി ഈ ബ്ലോഗ് സമർപ്പിക്കുന്നു...... ഇത്തരം ചടങ്ങുകൾ വടക്കൻ ജില്ലകളിൽ ഉള്ളതായി അറിവില്ല......
വള്ള സദ്യയിലെ ചടങ്ങുകൾ
വള്ളസദ്യയിലെ വിഭവങ്ങൾ; ചോറും, തൊടുകറികളും, പായസങ്ങളും വിളമ്പിയിട്ടില്ല
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
നിറപറ
രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം
ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.
ആറന്മുള തേവരുടെ മുമ്പിൽ അലങ്കരിച്ച നിറപറ
രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.
ഇങ്ങനെ സ്വീകരിയ്ക്കണമെന്ന് വള്ളപ്പാട്ടിൽ കൂടി ആവശ്യപ്പെടും;
വായ്ക്കുരവ നാദസ്വര മേളത്തോടെ സ്വീകരിച്ച്, പള്ളി കൊള്ളും ഭഗവാൻറ ചാരത്തെത്തിയ്ക്കു..
ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു.
അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും(തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
ഇങ്ങനെ വള്ളപ്പാട്ടിൽക്കൂടി വിഭവങ്ങൾ ചോദിയ്ക്കും.
ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്.....
ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണ് എത്തിക്കുന്നത്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിയ്ക്കും. ഇതിനെ പറ തളിക്കുക എന്നാണ് പറയുന്നത്. പള്ളിയോട കരക്കാർ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും.
നാളിൽ നാളിൽ സുഖിച്ചദിമോദത്തോടെ വസിച്ചാലും
നാളികലോചനൻ തന്റെ നാമമാഹാത്മ്യത്താൽ
പിന്നെ വള്ളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു.
വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുന്നു.

https://plus.google.com/+RaveendranNair

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151