കുമ്പ മേള ...........Raveendran Nair-Jyothish Alankar.Mobile.9871690151





കുംഭമേള; ഭാരതത്തിന്റെ പൈതൃക സംസകൃതി

ഭാരതത്തിന്റെ ഏറ്റവും പ്രബലമായ സാംസ്‌കാരിക/പൈതൃക/തീർത്ഥാടന ഉത്സവമാണ് കുംഭമേള. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടുള്ള ഭാരതത്തിലെ അത്യപൂർവ്വ ആഘോഷങ്ങളിൽ ഒന്ന്.

 പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.

 മൂന്ന് വർഷത്തെ ഇടവേളയിൽ ഈ നാല് ഇടങ്ങളിൽ ആയി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു.

12 വർഷം കൂടുമ്പോൾ പൂർണ്ണ കുംഭമേളയായും നടത്തപ്പെടും. 

ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകൾക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഈ ശ്രേണിയിൽ ഏറ്റവും പ്രധാനം.  

2013ല്‍ പ്രയാഗിൽ ഇത്തരമൊരു മഹാകുംഭമേള നടക്കുകയുണ്ടായി. 

അടുത്ത മഹാകുംഭമേള 2157 ൽ വീണ്ടും പ്രയാഗിൽ വച്ച് നടക്കും. ഇപ്പോൾ പ്രയാഗിൽ തുടങ്ങുന്നത് 6 വർഷത്തെ ഇടവേളയിൽ വരുന്ന അർദ്ധ കുംഭമേളയാണ്.

നദീതട സംസ്കാരത്തിൽ ഇതൾ വിരിഞ്ഞ സനാതന സംസ്കൃതി നദീ ആരാധനയ്ക്ക് കൊടുത്ത പ്രാധാന്യമാണ് കുംഭമേളകൾ പോലുള്ള പൈതൃക ഉത്സവങ്ങൾ. 

ഹരിദ്വാറിൽ ഗംഗാ നദിയിലും, പ്രയാഗിൽ ഗംഗാ, യമുനാ സരസ്വതി നദികളുടെ സംഗമസ്ഥാനത്തും, നാസിക്കിൽ ഗോദാവരി നദിയിലും, ഉജ്ജയനിയിൽ  ക്ഷിപ്രാ നദിയിലുമാണ് ( വിന്ധ്യാ മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് ചമ്പൽ നദിയിലേക്ക് ചേരുന്ന നദിയാണ് ഇത് ) കുംഭമേളകൾ നടക്കുന്നത്.

മകര സംക്രമ നാൾ മുതൽ 48 ദിവസമാണ് അതായത്  ജനുവരി 15 മുതൽ മാർച്ച് 4  പ്രയാഗ് കുംഭമേള നടക്കുന്നത്. 

പുരാണ ബന്ധിതമായ നിരവധി ഐതിഹ്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ ഓരോ അനുഷ്ഠാനങ്ങളും. കുംഭമേളയുടെ ഐതിഹ്യത്തിനും ഇതിൽ നിന്നൊരു വ്യത്യാസമില്ല. ദേവാസുര യുദ്ധത്തിലേക്കാണ് കുംഭമേളയുടെ ഐതിഹ്യവും ചെന്നെത്തി നിൽക്കുന്നത്. അമൃത് തേടി ദേവാസുരൻമാർ പാലാഴി കടഞ്ഞ പുരാണമാണ് കുംഭമേളയുടേയും കഥാപശ്ചാത്തലം. പാൽകടലിൽ നിന്ന് കിട്ടിയ അമൃത് തന്ത്രപൂർവ്വം ദേവൻമാർ കയ്യിലാക്കി. സ്വഭാവികമായും അതിന്റെ പരിണതിയായി അതി ഘോരമായ ദേവാസുര യുദ്ധം നടന്നു. 12 നാൾ നീണ്ട യുദ്ധത്തിനൊടുവിൽ അസുര സേന തോറ്റു. ഗരുഡൻ ഈ അമൃത കുംഭത്തെ മഹാമേരു പർവ്വതത്തിന്റെ അടിയിൽ കുഴിച്ചിട്ടു എന്നാണ് കഥ. ഈ അമൃതിന്റെ മർദ്ദത്തിന്റെ ഫലമായി ഓരോ പന്ത്രണ്ട്‌ വർഷം കൂടുമ്പോളും അതിന്റെ ഒരു അംശം ഭൗമാന്തർഭാഗത്ത് കൂടി ഈ നാല് പുണ്യ സങ്കേതങ്ങളിലെ നദീജലത്തിൽ കലരും എന്നാണ് വിശ്വാസം. ഈ സമയം ഈ നദികളിൽ മുങ്ങി കുളിച്ചാൽ ജന്മ ജന്മാന്തരങ്ങളായി ചെയ്ത് പോയിട്ടുള്ള സകല പാപങ്ങളിൽ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനാകും എന്നാണ് വിശ്വാസം. 

ഇതേ കഥയ്ക്ക് മറ്റൊരു വാദമുള്ളത് അമൃതിനായി ദേവാസുരൻമാർ തമ്മിലുള്ള പിടിവലിയിൽ ഈ നാല് നദികളിൽ നാല് തുള്ളി അമൃത് തുളുമ്പിപ്പോയി എന്നും ആ സങ്കൽപ്പമാണ് കുംഭമേളയുടെ ഐതിഹ്യത്തിന് പിന്നിൽ എന്നും ആണ്. 

ഗരുഡൻ ഈ അമൃത് 4 പാത്രങ്ങളിലാക്കി ഈ നാല് നദീതീരങ്ങളിലാണ് കുഴിച്ചിട്ടത് എന്നും ഒരു കഥ പ്രചാരത്തിലുണ്ട്. ഈ കഥയേതായാലും ഇതിലെല്ലാമുള്ളത് അമൃതുമായുള്ള ബന്ധമാണ്. ഒപ്പം ഭാരതീയ സംസ്കൃതിക്ക് നദീ ആരധനയുമായുള്ള അഭേദ്യമായ ബന്ധവും ഇവിടങ്ങളിലെല്ലാം ഒരു പോലെ കാണാം.


പ്രയാഗ് കുംഭമേളയിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍.

1.മകര സംക്രാന്തി

മകര സംക്രാന്തിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. സൂര്യൻറെ ഉത്തരാനയ കാലത്തിലേക്കുളള സഞ്ചരത്തിന്റെ തുടക്കമാണിത്. ജനുവരി 14, 15 തിയ്യതികളിലായാണ് ഇത് നടക്കുക.

2.പൗഷ് പൂർണിമ

കുംഭമേളയിലെ ആദ്യത്തെ പൗർണ്ണമി നാളാണിത്. പൗഷ മാസത്തിലെ പൗർണ്ണമി. ജനുവരി 21 നാണ് ഈ വർഷത്തെ പൗഷ് പൂർണ്ണിമ നടക്കുക.

3.മൗനി അമാവാസ്യ

കുംഭമേളയിൽ ഏറ്റവും അധികം ആളുകൾ വിശുദ്ധ സ്നാനത്തിനായി എത്തിച്ചേരുന്ന ദിവസമാണ് മൗനി അമാവാസ്യ. സ്നാനത്തിന് ഏറ്റവും പ്രധാന ദിവസമായാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ആദ്യ മുനിവര്യനായിരുന്ന ഋഷഭ മഹർഷി തന്റെ ദീർഘ മൗനം വെടിഞ്ഞ് സംഗമത്തിലെ വിശുദ്ധ ജലത്തിൽ സ്നാനം നടത്തിയ ദിവസമാണിത്. ഈ പറഞ്ഞ രണ്ടാമത്തെ ശനിസ്നാന്‍ ഫെബ്രുവരി 4 നാണ് നടക്കുക. ലക്ഷക്കണക്കിന് ജനങ്ങൾ ഈ ഒറ്റ ദിവസം പ്രയാഗിലേക്ക് ഒഴുകിയെത്തും.

4.ബസന്ത് പഞ്ചമി

ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവി സ്നാന എത്തുന്ന ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഫെബ്രുവരി 10 ആണ് ബസന്ത് പഞ്ചമി.

5.മാഘി പൂർണ്ണിമ

ഫെബ്രുവരി 19നാണ് മാധി പൂർണ്ണിമ നടക്കുക. സ്വർഗ്ഗത്തിലേക്കുള്ള വാതിലുകൾ ഈ ദിവസം തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഗന്ധർവ്വൻ മാർ ഈ ദിവസം സ്വര്‍ഗ്ഗത്തില്‍ നിന്നും ത്രിവേണി സംഗമത്തിലേക്ക് കുളിക്കാനായിഎത്തും എന്നും വിശ്വാസമുണ്ട്.

6.മഹാശിവരാത്രി

പ്രയാഗ് കുംഭ മേളയുടെ സമാപന ദിനവും ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസവും ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മാർച്ച് 4 ആണ് ഈ വർഷത്തെ മഹാശിവരാത്രി ദിവസം

ഇന്ന് കാണുന്ന രീതിയിൽ കുംഭമേള ക്രമീകരിച്ചത് ശ്രീ ശങ്കര ഭഗവത് പാദർ ആണ്. ജ്യോതിർ മഠം, ദ്വാരക മഠം, പുരി മഠം, ശൃങ്കേരി മഠം എന്നീ ചതുർ മoങ്ങളും, 12 ഉപ പീഠങ്ങളും,12 അഖാടകളും ഒക്കെയാണ് കുംഭമേളകളിലെ മുഖ്യപങ്കാളികൾ. 

അത് കൊണ്ട് തന്നെ ഭാരതത്തിലെ ആത്മീയ ആചാര്യൻമാരായ സന്യാസി സമൂഹങ്ങളെല്ലാം ഈ 48 ദിവസം പ്രയാഗിൽ തമ്പടിക്കും എന്നതാണ് കുംഭമേളയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.  

മഞ്ഞ് പുതഞ്ഞ് കിടക്കുന്ന ഹിമാലയസാനുക്കളിൽ ഘോര തപസനുഷ്ഠിക്കുന്ന മഹാ താപസൻമാരും ഈ പുണ്യസ്നാനത്തിന്നായി പ്രയാഗിൽ എത്തിച്ചേരും. അവർക്ക് പുറമെ ഈ നാളുകളിൽ എത്തിച്ചേരുന്ന വിശ്വാസി സമൂഹ മടക്കം ഏതാണ്ട് 15 കോടി ജനങ്ങളാണ് ഈ 48 ദിവസം കൊണ്ട് പ്രയാഗിൽ പുണ്യ സ്നാനത്തിനായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്.


വൈവിദ്ധ്യ പൂർണ്ണമാർന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങൾ ആണ് ഭാരതീയ സംസ്കൃതിയുടെ അടിത്തറ. അവയാണ് സനാതന ധർമ്മത്തെ എത് കൊടുങ്കാറ്റിലും ആടിയുലയാതെ പിടിച്ച് നിർത്തുന്നത്. അവ നിലനിൽക്കുക തന്നെ വേണം. കാരണം അവയൊന്നുമില്ല എങ്കിൽ ഭാരതത്തിന്റെ ബഹുസ്വര ആരാധനാ വൈവിദ്ധ്യമാണ് ഇല്ലാതെയാവുക. 

പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ് ഇവിടെ ആരാധിക്കുന്നത്. 

ഈ പ്രകൃത്യാരാധനാ തത്വമാണ് കുംഭമേള ഉയർത്തിപ്പിടിക്കുന്ന പ്രധാന സന്ദേശം.

കടപ്പാട്:

Pudayoor Jayanarayanan

Comments

Popular posts from this blog

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151