നവരാത്രിയും നവദുർഗ്ഗകളും* സമ്പാദകൻ. രവീന്ദ്രൻ നായർ












നവരാത്രിയും നവദുർഗ്ഗകളും

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.....

"പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമേതേതി
ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി
മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ
നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ"

ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു.

*ശൈലപുത്രി*

ഹിമവാന്റെ മകളായ ശ്രീപാർവതിയാണ് ശൈലപുത്രി.വൃഷഭാരൂരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

*ബ്രഹ്മചാരിണി*

ശിവന്റെ പത്നിയായ്ത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.കയ്യിൽ ജപമാലയും കമണ്ഡലുവുമേന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു

*ചന്ദ്രഘണ്ഡാ*

നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തു കൈകളുണ്ട്. ഓരോ കൈകളിലും പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

*കൂഷ്മാണ്ഡ*

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. അഷ്ടഭുജങ്ങളിൽ ദേവി താമര, വിവിധ ആയുധങ്ങൾ, ജപമാല മുതലായവ ധരിച്ചിരിക്കുന്നു. സിംഹ വാഹിനിയായ കൂഷ്മാണ്ഡദേവിയുടെ ആരാധനയ്ക്കായി നവരാത്രിയിലെ നാലാം ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

*സ്കന്ദമാതാ*

ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി. സ്കന്ദൻ അഥവാ മുരുകന്റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുർഭുജയും തൃനേത്രയുമാണ് ഈ ദേവി.

*കാത്യായനി*

കാത്യായന ഋഷിയുടെ പുത്രിയായ് അവതരിച്ച ദേവിയാണ് കാത്യായനി.
ആറാം രാത്രി കാത്യായനിയുടെ ആരാധനയാൽ മഹത്വ പൂർണമാകുന്നു.

*കാളരാത്രി*

കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്രരൂപമാണ്. ജടയും ത്രിലോചനങ്ങളുമുള്ള ദേവി ഗർദഭ വാഹിനിയാണ്. ചതുർബാഹുവായ ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശീർവദിച്ചുകൊണ്ടിരിക്കുന്നു. ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും
സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. കാളരാത്രീഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ് ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

*മഹാഗൗരി*

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.
എട്ടാം രാത്രി മഹാ ഗൗരിയായ് ദുർഗ്ഗാ ദേവി ആരാധിക്കപ്പെടുന്നു.

*സിദ്ധിധാത്രി*

സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രദാനം ചെയ്യുന്നു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി   ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍