ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151








ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24  

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)

ഫോണ്‍-9871690151

അടുത്തതായി ഒരാളുടെ ജാതകത്തില്‍ ബുധന്‍ മൂന്നാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് നാം വിശകലനം ചെയ്യാന്‍ പോകുന്നത്.

     ബുധന്‍ എന്ന ഗ്രഹം ശുഭഗ്രഹമാണ്. പക്ഷെ മൂന്നാം ഭാവം അത്ര ശുഭ സ്ഥാനമല്ല.അതുകൊണ്ട് ഫലങ്ങള്‍ സമ്മിശ്രമായിരിക്കും എന്നു വേണം കരുതാന്‍.

     ഈ ജാതകന്‍ വ്യാപാരികളുമായി യോജിച്ചു വ്യാപാരം ചെയ്തു ധനം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് വിഷയാസക്തി കൂടുതലായിരിക്കും.  വിഷയാസക്തി കൂടുതല്‍ കൊണ്ട് അവസാനം ലൌകിക സുഖങ്ങളില്‍ നിന്ന് എന്നു മാത്രമല്ല എല്ലാ സുഖഭോഗങ്ങളില്‍ നിന്നും മടുത്ത് സന്യാസിയെ പോലെയുള്ള ജീവിതത്തിലേക്ക് മാറുവാനും ഇടയുണ്ട്. ഇയാളെ കൊണ്ട് ബന്ധുക്കള്‍ക്ക് ഗുണമുണ്ടാകും. പലപ്പോഴും ധനമോഹത്താല്‍ ദുഷ്ട സംസര്‍ഗത്തില്‍ ചെന്ന് ചാടാന്‍ വഴിയുണ്ട്. മറ്റു സഹോദരന്മാരെ ഉപയോഗിച്ച് ധനസമ്പാദനം നടത്തും. ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപ്പെട്ട് യശസ്സ് നേടും. പലതരം സാഹസിക കാര്യങ്ങളില്‍ ഇടപെടും. അതുപോലെ ഇയാള്‍ ദുഷ്ട ബുദ്ധിയുമായിരിക്കും. കാരണം ഇയാള്‍ വളരെയധികം ചഞ്ചല മനസ്കനായിരിക്കും. വിഷയാസക്തി കൊണ്ടും മാനസിക സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും ആയുസ്സിനെ വരെ ബാധിക്കാവുന്ന അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. പക്ഷെ, സഹോദരി സഹോദരന്മാരെ കൊണ്ടു നല്ല ഗുണം കിട്ടും. ഇയാളെ ആശ്രയിക്കുന്നവര്‍ക്കു വേണ്ടി ഇയാള്‍ ഗുണം ചെയ്യും.

     ശാസ്ത്ര വിഷയങ്ങള്‍, ജ്യോതിഷം മുതലായ ഗൂഡ ശാസ്ത്രങ്ങളിലും സാമര്‍ത്ഥ്യം ഉണ്ടായിരിക്കും. ഇയാള്‍ വീട് വിട്ട് നില്‍ക്കാന്‍ സാധ്യതയുണ്ട്. അതുവഴി ധനലാഭം ഉണ്ടാകുകയും ചെയ്യും. അയല്‍പക്കക്കാര്‍ക്കും പരിചയക്കാര്‍ക്കും ഉപകാരി ആയിരിക്കും. ബുധനു ബലക്കുറവുണ്ടെങ്കില്‍ സഹോദര ശല്യം അനുഭവപ്പെടും.

     മൂന്നാം ഭാവത്തിലെ ബുധന്‍ നല്ല ഓര്‍മ്മ ശക്തി ഉണ്ടാകും. ജ്യോതിഷത്തില്‍ നൈപുണ്യം നേടും. അതുപോലെ ഈ മൂന്നിലെ ബുധന്‍ എഴുത്ത് അച്ചടി പ്രസിദ്ധികരണം എന്നീ രംഗങ്ങളില്‍ ഉള്ളവര്‍ക്കും നല്ലതാണ്.

     ബുധന്‍ നാലിലാണ് ഇരിക്കുന്നത് എങ്കില്‍ ഒരു ശുഭഗ്രഹം ശുഭസ്ഥാനത്ത് ഇരുന്നാലുള്ള എല്ലാ ഗുണങ്ങളും ഉണ്ടാകും.

     ഇത്തരം ജാതകക്കാര്‍ക്ക് നേത്രസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്നേഹിതന്മാര്‍ വിശ്വസ്തരായിരിക്കും. എഴുത്തുക്കാരനാകാനും സാധ്യതയുണ്ട്. വലിയ ആള്‍ക്കാരുമായി (രാജാവ്) നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. സംസാരിക്കാന്‍ വളരെയധികം സമര്‍തന്‍മാരായിരിക്കും. അതുപോലെ തന്നെ വളരെയധികം ഭാഗ്യവാന്മാരായിരിക്കും. സത്യം പറയുന്നവരായിരിക്കും. ഇയാള്‍ക്ക് മറ്റുള്ളവരെ മുഖസ്തുതി പറഞ്ഞ് കാര്യം നേടിയെടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കും. കണക്ക് മുതലായ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ ആളായിരിക്കും. ബുധന് പാപയോഗം ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ ഗൃഹങ്ങളില്‍ (വീട്) താമസിക്കേണ്ടി വരും. സ്വന്തം വീടുണ്ടാകാന്‍ വളരെ പ്രയാസമായിരിക്കും. നല്ല ഓര്‍മ്മ ശക്തിയുള്ള വ്യക്തിയായിരിക്കും.

     ബുധന്‍ പുരുഷരാശിയിലാണെങ്കില്‍ ശുഭഫലങ്ങളും സ്ത്രീ രാശിയിലാണെങ്കില്‍ അശുഭഫലങ്ങളും അനുഭവപ്പെടും.

     ബുധന്‍ അഞ്ചാം ഭാവത്തിലാണ് ഇരിക്കുന്നതെങ്കില്‍ ജാതകന്‍ മന്ത്രപ്രയോഗം, ആഭിചാരം എന്നീ കാര്യങ്ങളില്‍ തല്പരനായിരിക്കും. നല്ലവണ്ണം സന്താന സൗഭാഗ്യം ഉണ്ടായിരിക്കും. വിദ്യ, ധനം എന്നിവ കൊണ്ട് സമൃദ്ധമായ സന്തോഷകരമായ ജീവിതം ഉള്ളയാളായിരിക്കും. സ്വന്തം ബുദ്ധി കൊണ്ട് വളരെയധികം ധനം സമ്പാദിക്കും എന്നു വേണം പറയാന്‍. മറ്റുള്ളവരെ ഉപദേശിക്കുന്ന കാര്യത്തില്‍ വളരെ കേമനായിരിക്കും. ജ്യോതിഷം, മനുഷ്യശാസ്ത്രം എന്നീ തുറകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇത്തരക്കാര്‍ക്ക് വളരെ ഗുണം ലഭിക്കാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ സ്വന്തം അഭിപ്രായത്തിനു വേണ്ടി വളരെയധികം വാദപ്രതിവാദം നടത്തുന്നവനുമായിരിക്കും. ദൈവവിശ്വാസിയും, സമൂഹത്തിലുയര്‍ന്ന തലത്തിലുള്ളവരെയും വേണ്ട പോലെ ബഹുമാനിക്കുന്നവനും ആയിരിക്കും. അഞ്ചാം ഭാവത്തിലെ ബുധന് മൌഡ്യമോ, പാപയോഗ/ദൃഷ്ടി എന്നിവ ഉണ്ടെങ്കില്‍ സന്താന നാശം സംഭവിക്കാനും ഇടയുണ്ട്. അതുപോലെതന്നെ അമ്മാവന് ദോഷം അനുഭവപ്പെടും. ഇയാള്‍ പലത്തരത്തിലുള്ള വേഷങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവനായിരിക്കും (അതായത് ഫാഷനെ സംബന്ധിച്ചോ-കലാപരമായോ ആണ് അത്തരം സന്ദര്‍ഭങ്ങള്‍ വരുന്നത്) ബുധന്‍ പാപദൃഷ്ടി യോഗങ്ങള്‍ ഉള്ള ജാതകര്‍ക്ക് ഊഹക്കച്ചവടം, ചൂതുക്കളി എന്നീ കാര്യങ്ങളില്‍ താല്പര്യം ഉണ്ടായിരിക്കും.
     ബുധന്‍ അഞ്ചാം ഭാവത്തിലായി മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നില്‍ വന്നാല്‍ ഗണിതം, ദര്‍ശനം, ജ്യോതിഷം, നൃത്തം മുതലായ വിഷയങ്ങളില്‍ താല്പര്യമുണ്ടായിരിക്കും.
     വളരെയധികം ഉദാരസ്വഭാവിയും മറ്റുള്ളവരുമായി ഇണങ്ങി കഴിയുന്നവനും ആയിരിക്കും. അഞ്ചാം ഭാവം ഇടവം, കന്നി, മകരം എന്നിവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ ഫിസിക്സ്, ഹസ്തരേഖ എന്നീ ശാസ്ത്രങ്ങളില്‍ താലപര്യമുണ്ടായിരിക്കും.
     ബുധന്‍ ഇരിക്കുന്നത് മിഥുനം, തുലാം, കുംഭം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നാവുകയും അവ അഞ്ചാം ഭാവമായി തീരുകയും ചെയ്‌താല്‍ ആ വ്യക്തിക്ക് ഡോക്ടര്‍ അല്ലെങ്കില്‍ കോളേജില്‍ സാഹിത്യത്തിന്‍റെ പ്രൊഫസര്‍ എന്നീ നിലകളില്‍ ശോഭിക്കാന്‍ കഴിയും.
     ഒരാളുടെ ജാതകത്തില്‍ ബുധന്‍ ആറിലാണ് ഇരിക്കുന്നത് എങ്കില്‍ ദുസ്ഥാനമായ ആറാം ഭാവവും, ശുഭഗ്രഹമായ ബുധനും കൂടി വളരെ നല്ല ഫലങ്ങള്‍ തരികയില്ല എന്നുള്ളത് ഉറപ്പിക്കാം.
     ഈ ജാതകന്‍ പലപ്പോഴും പൊതു ജനങ്ങളുമായി വിരോധത്തില്‍ ഏര്‍പ്പെടും. എല്ലായ്പ്പോഴും ഒരു ശത്രുത മനോഭാവത്തോടെയായിരിക്കും പെരുമാറുക. താന്‍ വിചാരിക്കുന്നതാണ് ശരി എന്ന് എല്ലായ്പ്പോഴും കരുതും. ഇയാള്‍ക്ക് ധാരാളം ഉദരരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രത്ന വ്യാപാരത്തില്‍ താല്പര്യമുണ്ടായിരിക്കും. ധാരാളം വാദപ്രദിവാദങ്ങളില്‍ ഏര്‍പ്പെടുന്നവനായിരിക്കും. വളരെയധികം കഠോരമായ രീതിയില്‍ സംസാരിക്കും. കാര്യങ്ങള്‍ ചെയ്യുവാന്‍ വളരെയധികം മടി കാണിക്കും. ഉത്സാഹത്തോടെ കാര്യങ്ങള്‍ തുടങ്ങി വെക്കാന്‍ ഇയാള്‍ക്ക് തല്പര്യമുണ്ടായിരിക്കുകയില്ല.
     ഇയാളെ കൊണ്ട് ഇയാളുടെ ബന്ധുക്കള്‍ക്ക് യാതൊരുവിധ ഉപകാരവും ഉണ്ടായിരിക്കുകയില്ല. ഈ ജാതകന് വളരെയധികം ദുഃഖങ്ങള്‍ അനുഭവിക്കേണ്ടി വരും. മാനസികമായും, ശാരീരികമായും വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടി വരും. ശ്വാസ സംബന്ധമായ രോഗങ്ങളും, ഉദര-നാഭി സംബന്ധമായ രോഗങ്ങളും ഇയാളെ ശല്യം ചെയ്തുക്കൊണ്ടിരിക്കും. അച്ചടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശോഭിക്കാന്‍ സാധ്യതയുണ്ട്. ബുധനോടോപ്പം ആറില്‍ ചൊവ്വ യോഗം ചെയ്തു നിന്നാല്‍ ജാതകന് ബുദ്ധിഭ്രംശം സംഭവിക്കാന്‍ ഇടയുണ്ട്. സാഹിത്യാദിക്കാര്യങ്ങളില്‍ വളരെയധികം പ്രശസ്തി ലഭിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ, എഴുതുന്ന ഭാഷയും വിഷയവും ഭരണക്കുടത്തിനു എതിരും, സ്വതന്ത്രമായതുമായിരിക്കും. നിലനില്‍ക്കുന്ന ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടിനെ അനുകൂലിക്കാന്‍ വിഷമമായിരിക്കും. അതുകൊണ്ട് ജെര്ണ്ണലിസത്തില്‍ ഇത്തരക്കാര്‍ വിജയിക്കുന്നുണ്ട്.

     ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഏതെങ്കിലും ഒരു ഗ്രഹം ഒരു ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങളാണ്. സാധാരണ ജാതകത്തില്‍ നവഗ്രഹങ്ങള്‍ പല ഭാവങ്ങളിലായിട്ടായിരിക്കും ഇരിക്കുന്നത്. അതുകൊണ്ട് ഈ ഫലങ്ങള്‍ അനുഭവപ്പെടുന്നത് ഈ ഗ്രഹങ്ങളുടെ ദശാകാലത്തോ, അപഹാരകാലത്തോ മാത്രമാണ്. അതുകൊണ്ട് ആ ദശകള്‍ക്ക് വേണ്ട പരിഹാരങ്ങള്‍ അതാതുകാലത്ത് ചെയ്യണം. പലപ്പോഴും ഒരു ഗ്രഹത്തെ കൊണ്ട് പറയുന്ന ഗുണങ്ങള്‍ക്ക് നേരെ വിപരീതമായി മറ്റു ഗ്രഹത്തെ പറ്റി ഫലങ്ങള്‍ പറയുകയാണെങ്കില്‍ ജ്യോത്സ്യന്‍ ആ വ്യക്തിയുടെ ദശാപഹാര കാലവും ഗോചരഫലവും മനസ്സിലാക്കി എല്ലാം ചേര്‍ത്ത് വെച്ച് വേണം ഫലം പറയാന്‍. അല്ലെങ്കില്‍ കാര്യങ്ങള്‍ ഒന്നും ശരിക്ക് ഫലിക്കുകയില്ലാ. 


അതുകൊണ്ടുതന്നെ ഇവ സമന്വയിപ്പിച്ചു പറയാനുള്ള കഴിവാണ് ജ്യോത്സനെയും, കംപ്യൂട്ടറിനെയും വേര്‍തിരിക്കുന്നത്. കംപ്യൂട്ടറില്‍ നാം പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഉള്ളതായി കാണുകയുള്ളൂ. ജ്യോത്സ്യന്‍ സ്വന്തമായി ചിന്തിക്കാന്‍ ഉള്ള കഴിവുണ്ട്. കംപ്യൂട്ടറിനതില്ലല്ലോ.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi