ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-21 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-21 -രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151

                കുജന്‍ ജാതകത്തില്‍ ഏഴാംഭാവത്തില്‍ നിന്നാലുള്ള ഫലങ്ങളാണ് നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ഏഴാംഭാവത്തിലെ ചൊവ്വ ദാമ്പത്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.

     ജാതകത്തില്‍ ഏഴാംഭാവത്തില്‍ കുജന്‍ നിന്നാല്‍ സ്ത്രീപുരുഷ ഭേദമന്യേ ആ ദോഷത്തെ നാം ചൊവ്വ ദോഷം എന്നു പറയുന്നു. ‘കുജദോഷം’ അല്ലെങ്കില്‍ ‘മാംഗ്ലിക്’ ദോഷം എന്നീ പല പേരുകളിലും ഈ ദോഷം അറിയപ്പെടുന്നുണ്ട്.

     ജാതകത്തില്‍ കുജന് പ്രധാനമായി 3 സ്ഥലത്തേക്കാണ്‌ ദൃഷ്ടികള്‍ (aspects) ഉള്ളത്. ഏഴ്, നാല്, എട്ട് എന്നീ ഭാവങ്ങളിലേക്കാണവ. അതായത് കുജന്‍ ഏഴില്‍ നിന്ന് ലഗ്നത്തിലെക്ക് നോക്കാം.(ഏഴാം ഭാവദൃഷ്ടി) അതുപോലെ പത്താം ഭാവത്തിലേക്ക് നോക്കാം.(ഏഴില്‍ നിന്ന് നാലിലെക്കുള്ള ദൃഷ്ടി) രണ്ടാംഭാവത്തിലേക്ക് നോക്കാം.(ഏഴില്‍ നിന്ന് എട്ടിലെക്കുള്ള ദൃഷ്ടി). ഇങ്ങനെ വരുമ്പോള്‍ ലഗ്നം (ഒരു ജാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാവം) ഒരു വ്യക്തിയുടെ ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും തീരുമാനിക്കുന്നത് ലഗ്നമാണ്. ആ ലഗ്നത്തെയാണ് കുജനെന്നു പറയുന്ന ‘പാപഗ്രഹം’ നോക്കുന്നത്. രണ്ടാമതായി കുജന്‍ ഏഴില്‍ നിന്ന് നാലിലേക്ക് നോക്കുന്നുണ്ട്.

 അത് പത്താംഭാവത്തിലെക്കാണ് നോക്കുന്നത്.പ്രധാനമായും വ്യക്തിയുടെ കര്‍മ്മസ്ഥാനമാണത്. എല്ലാ കര്‍മ്മങ്ങളും കര്‍മ്മസ്ഥാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സത്കര്‍മ്മങ്ങള്‍, ദുഷ്കര്‍മ്മങ്ങള്‍ എല്ലാം അവയില്‍ പെടും. ഉപജീവനമാര്‍ഗ്ഗത്തിനുള്ള കര്‍മ്മവും അതില്‍ പെടും. എല്ലാ കര്‍മ്മങ്ങളെയും സംബന്ധിക്കുന്ന കര്‍മ്മസ്ഥാനത്തേക്ക് കുജന്‍ നോക്കുന്നു. മൂന്നാമതായി കുജന്റെ ദൃഷ്ടി, അതിരിക്കുന്ന ഇടത്തു നിന്ന് എട്ടാംഭാവത്തിലെക്കാണ്. അതായത് ആ ജാതകത്തിന്റെ രണ്ടാം ഭാവം എന്നു പറഞ്ഞാല്‍ വാക് സ്ഥാനം, ധനസ്ഥാനം, മാരകസ്ഥാനം (മരണത്തെ നിര്‍ണ്ണയിക്കുന്ന) എന്നു തുടങ്ങി അനവധി കാര്യങ്ങള്‍ അടങ്ങിയ ഭാവമാണ്. ഇക്കാര്യങ്ങളെയെല്ലാം ചൊവ്വ ഏഴില്‍ ഇരിക്കുന്നത് കൊണ്ട് സ്വാധീനിക്കുന്നു എന്നര്‍ത്ഥം.

     ജാതകത്തില്‍ ഏഴില്‍ ചൊവ്വ ഇരിക്കുന്നുണ്ട്‌ എന്നു പറയുമ്പോള്‍ വെറും നിസ്സാരമായി എടുക്കേണ്ട കാര്യമല്ല. “ചൊവ്വ ദോഷം” എന്ന് വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ?

     അതുകൊണ്ടാണ് ഒരാളുടെ ജാതകത്തില്‍ ഇത്തരം ദോഷമുണ്ടെങ്കില്‍ മറ്റാളുടെ ജാതകത്തിലും ഇത്തരം ദോഷം വേണമെന്ന് പറയുന്നതിന്‍റെ അര്‍ത്ഥം. ഇവിടെ രണ്ട് ‘നെഗറ്റിവ്’ ചേര്‍ന്ന് ഒരു ‘പോസിറ്റീവ്’ ആയി മാറുന്ന ‘മാത്തമാറ്റിക്സ്‌’ തിയറിയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ചൊവ്വ ദോഷത്തെ കുറിച്ച് അല്പം കൂടി പ്രതിപാദിക്കാം.

                ചൊവ്വ ദോഷമെന്ന് പറഞ്ഞാല്‍ ജാതകത്തിലെ ഏഴിലെ കുജനെകൊണ്ടു മാത്രമല്ല കണക്കാക്കുന്നത്. മറ്റു സ്ഥാനങ്ങളിലും കുജന്‍ ഇരുന്നാല്‍ ദോഷമുണ്ട്.

     ജാതകത്തില്‍ കുജന്‍ 1,2,4,7,8,12 എന്നീ ആറു ഭാവങ്ങളിലും ഇരുന്നാലെ കുജദോഷമുള്ളു എന്നാണ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. പക്ഷെ അതില്‍ 1,7,8 എന്നീ ഭാവങ്ങളില്‍ സ്ത്രീകള്‍ക്കും, 1,7 എന്നീ ഭാവങ്ങളില്‍ പുരുഷന്മാര്‍ക്കും ചൊവ്വ ദോഷമായി കണക്കാക്കുന്നു. ഇങ്ങനെ കണക്കാക്കുന്നത് പ്രത്യേകിച്ചും കേരളത്തിലാണ്. ബാക്കി സ്ഥലങ്ങളായ 2,4,12 എന്നീ ഭാവങ്ങള്‍ക്ക് അത്രയധികം ദോഷം കല്‍പ്പിക്കുന്നില്ല
.
     വടക്കെ ഇന്ത്യയില്‍ എല്ലാ ഭാവങ്ങളെയും കണക്കാക്കാറുണ്ട്. അതുപോലെ ഇപ്പോള്‍ ‘പാപസാമ്യം’ കണക്കാക്കുമ്പോള്‍ കേരളത്തിലും ഇങ്ങനെ കണക്കാക്കാറുണ്ട്. കുജനെ കൂടാതെ സൂര്യന്‍, ശനി, രാഹു, കേതു എന്നീ പാപഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ കൂടി കണക്കാക്കി വേണം പാപസാമ്യം കണക്കാക്കാന്‍. 

അതും, ലഗ്നത്തില്‍ നിന്നും, ചന്ദ്രനില്‍ നിന്നും, ശുക്രനില്‍ നിന്നും ദോഷങ്ങള്‍ വേറെ വേറെ കണക്കാക്കണം. ലഗ്നത്തില്‍ നിന്നാണ് ഈ ഗ്രഹങ്ങളുടെ സ്ഥിതി കണക്കാക്കുമ്പോള്‍ 50%വും ശുക്രനില്‍ നിന്ന് കണക്കാക്കുമ്പോള്‍ 25%വും ആണ് കണക്കാക്കാറുള്ളത്. ഇതില്‍ തന്നെ പലരും കേതുവിനെ ദോഷ ഗ്രഹമായി (പാപഗ്രഹം) കണക്കാക്കാറില്ല. അതുകൊണ്ടാണ് ജാതകങ്ങളില്‍ പാപ സാമ്യം കണക്കാക്കുമ്പോള്‍ ഒരു “ഏകമാനദണ്ഡം” (uniformity)  ഇല്ലാത്തതുകൊണ്ടാണ് പത്തു ജ്യോത്സ്യന്മാര്‍ നോക്കിയാല്‍ പതിനൊന്നഭിപ്രായമായിരിക്കും എന്ന് ജ്യോത്സ്യന്മാരെ കുറിച്ച് സാധാരണക്കാര്‍ പറയുന്നത്.

     ഏതായാലും ചൊവ്വ ദോഷത്തെ കുറിച്ച് പറഞ്ഞു വന്നപ്പോള്‍ സാധാരണക്കാരിലുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയാതിരിക്കുന്നത് ഉചിതമായിരിക്കുകയില്ല.

     വിവാഹപ്രായമായ ആണ്‍കുട്ടികളുടെയും പെണ്‍ക്കുട്ടികളുടെയും മാതാപിതാകള്‍ക്ക് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തങ്ങളുടെ സന്താനങ്ങളുടെ ജാതാകങ്ങളില്‍ “ദോഷം” ഉണ്ടോ അതോ “ശുദ്ധജാതകം” ആണോ എന്നറിയുന്നതിലാണ്.

     ആദ്യമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം “ദോഷം” എന്ന വാക്ക് ജ്യോതിഷത്തില്‍ ഇല്ല. അതുപോലെ “ശുദ്ധം” എന്ന വാക്കും അവിടെയില്ല. ഈ വാക്കുകള്‍ നമ്മള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. പിന്നെങ്ങനെയോ അടുത്ത കാലത്തായി ഈ വാക്കുകള്‍ വളരെയധികം ‘പോപ്പുലര്‍’ ആയി തീര്‍ന്നിരിക്കുന്നു എന്നു മാത്രം.

     പക്ഷെ, അതിലും വലിയ വിഷയം എന്താണെന്നു വെച്ചാല്‍ മാതാപിതാക്കള്‍ (തെറ്റിദ്ധാരണകള്‍ ആണ്) ‘ശുദ്ധജാതകം’ എന്നു വെച്ചാല്‍ വളരെ നല്ല ജാതകവും, ‘ദോഷ ജാതകം’ എന്നു പറഞ്ഞാല്‍ വളരെ മോശപ്പെട്ട ജാതകവും എന്നാണ്.

     അതായത് ആ വാക്കുകള്‍ സൂചിപ്പിക്കുന്നത് ‘ശുദ്ധ ജാതകക്കാര്‍’ എല്ലാ കാര്യത്തിലും നല്ലവരും, നല്ല അഭിവൃദ്ധി നേടുന്നവരും, നല്ല സ്വഭാവം ഉള്ളവരും എന്നുവേണം കരുതാന്‍. ആ ജാതകക്കാര്‍ ജീവിതത്തിലെ എല്ലാ തുറകളിലും നല്ല നേട്ടം കൈവരിക്കുന്നവരും അവരെ യാതൊരു വക ‘ദോഷവും’ തീണ്ടാനുള്ള സാധ്യതയില്ലാത്തവരും ആണ് എന്നാണ്.

     അതുപോലെ ‘ദോഷ ജാതകങ്ങള്‍’ എന്നു പറഞ്ഞാല്‍ എല്ലാ ദോഷങ്ങളുടെയും വിളനിലങ്ങളും, ജീവിതത്തില്‍ യാതൊരു വക അഭിവൃദ്ധിയും ഇല്ലാത്തവരും ആണ് എന്നാണ്. എല്ലാ സാധാരണക്കാര്‍ക്കും കാണാപാടം അറിയുന്ന ഒരു കാര്യമുണ്ട്. ‘ശുദ്ധജാതാകക്കാര്‍ക്ക് ശുദ്ധ ജാതകം വേണം’. അതുപോലെ ദോഷ ജാതകക്കാര്‍ക്ക് ദോഷജാതകം വേണം.

     മേല്‍പ്പറഞ്ഞ ‘ശുദ്ധം’ അല്ലെങ്കില്‍ ‘ദോഷം’ എന്ന വാക്കുകള്‍ ജ്യോതിഷത്തില്‍ ഇല്ല എന്നു പറഞ്ഞല്ലോ ഇവിടെ ‘ശുഭാഗ്രഹങ്ങള്‍’ അല്ലെങ്കില്‍ ‘പാപഗ്രഹങ്ങള്‍’ എന്നീ വാക്കുകളാണ്. എല്ലാവരും അറിയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍ ഈ ശുഭാഗ്രഹങ്ങള്‍ (ശുദ്ധജാതകം) അല്ലെങ്കില്‍ പാപഗ്രഹങ്ങള്‍ (ദോഷജാതകം) എന്നൊക്കെയുള്ള തരം തിരിവ് വിവാഹത്തിന് പൊരുത്തം നോക്കാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ ജാതകങ്ങളെ ആരും തരംതിരിവ് നടത്താറില്ല.

 എല്ലാവരുടെയും ജാതകത്തില്‍ എല്ലാഗ്രഹങ്ങളും അവിടെവിടെയായി ഇരിക്കുന്നുണ്ടായിരിക്കും. നമ്മള്‍ വിവാഹ പൊരുത്തം നോക്കുമ്പോള്‍ മാത്രം ജാതകങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച നോക്കാന്‍ വേണ്ടി മാത്രമാണ് ഈ ഗ്രഹങ്ങളുടെ ചേര്‍ച്ചകള്‍ നോക്കുന്നത്. മുന്‍പ് പ്രതിപാദിച്ചതുപോലെ സ്ത്രീയുടെ ജാതകത്തിലുള്ള ദോഷത്തിനു പകരം പുരുഷന്‍റെ ജാതകത്തിലും അത്തരം ദോഷങ്ങള്‍ വേണമെന്ന അടിസ്ഥാനത്തിന്റെ പേരില്‍ ആണ് നോക്കുന്നത്. അങ്ങനെവന്നാല്‍ ദാമ്പത്യജീവിതം കുറെയൊക്കെ അല്ലലില്ലാതെ ഭദ്രമായി മുമ്പാക്കം കൊണ്ടുപോകാന്‍ കഴിയും എന്നു കരുതീട്ടാണ്.
                ജാതകം എത്ര ചേര്‍ന്നാലും ദമ്പതികള്‍ വിട്ടവീഴ്ചചെയ്യാന്‍ തയ്യാറല്ലെങ്കില്‍ കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങാന്‍ വളരെ വിഷമമായിരിക്കും. വിവാഹ പൊരുത്തം നോക്കുമ്പോള്‍ ഓരോരുത്തരുടെയും ജാതകങ്ങള്‍ വളരെയധികം അപഗ്രഥനം ചെയ്തു നോക്കാറില്ല. അങ്ങനെയെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു വിവാഹവും നടന്നു എന്നു വരില്ല. ‘ഇഷ്ടാനിഷ്ടങ്ങള്‍’ വളരെ കൂടുതല്‍ ഉള്ള ഇക്കാലത്ത് ‘ജാതക പൊരുത്തവും വിട്ടു വീഴ്ചയും’ പരസ്പര പൂരകങ്ങളാണ്‌. രണ്ടും കൂടി ഒരുമിച്ചു പോയാല്‍ മാത്രമേ മുമ്പോട്ടു നീങ്ങാന്‍ പറ്റുള്ളൂ. 


നാല്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള്‍ ‘വിവാഹ മോചനം’ എന്ന വാക്കു വളരെയധികം ഞെട്ടലോടെ കൂടിയാണ് കേട്ടിരുന്നത്. അല്ലെങ്കില്‍ ആ വാക്കു അന്ന് കേട്ടിരുന്നില്ല എന്നര്‍ത്ഥം. പക്ഷെ ഇന്നത്തെ സ്ഥിതി മാറി. അതു സാധാരണമായി മാറി.

     ഇന്ന് സഹിഷ്ണുത (tolerance) വളരെയധികം കുറവാണ്. അങ്ങനെയൊരു സാഹചര്യത്തിലേക്ക് നമ്മുടെ സന്താനങ്ങളെ എത്തിക്കുന്നതില്‍ മാതാപിതാകളായ നമ്മള്‍ക്കും വളരെയധികം ഉത്തരവാദിത്വമുണ്ട്. അത് നമ്മള്‍ തന്നത്താന്‍ അപഗ്രഥനം ചെയ്തു നോക്കെണ്ടതാണ്. സമൂഹത്തിലെ മറ്റു മാറ്റങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെങ്കിലും അതിലും കൂടുതല്‍ ‘ഉത്തരവാദികള്‍’ നമ്മള്‍ മാതാപിതാക്കളാണ് എന്നുള്ള സത്യം മറക്കണ്ട.

     അതുപോലെ ‘ശുദ്ധജാതകവും’ ‘ദോഷജാതകവും’ ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതും ആവശ്യമാണ്. ‘ചൊവ്വദോഷം’ ഇല്ലെങ്കില്‍ ശുദ്ധ ജാതകമാണ് എന്നു ധരിച്ചു വച്ചിരിക്കുന്ന പലരും ഉണ്ട്. എന്നാല്‍ അങ്ങനെ അല്ല എന്നറിയുക. ചൊവ്വ കൂടാതെ മറ്റു ദോഷങ്ങള്‍ ഉണ്ടെങ്കിലും ആ ജാതകം തന്നെയാണ്. അതുപോലെ എത്രദോഷങ്ങള്‍ ഉണ്ട് എന്ന് എണ്ണി തിട്ടപ്പെടുത്താതിരിക്കുക. ഓരോ രീതിയിലും കണക്ക് കൂട്ടുമ്പോള്‍ ഉത്തരം കിട്ടുന്നത് വേറെ വേറെയാണ്. അതുകൊണ്ട് ദോഷം കണക്കാക്കാനായി ജ്യോത്സ്യനെ കാണുക. അല്പജ്ഞാനം അപകടമാണേന്നറിയുക.


     (അടുത്തലക്കത്തില്‍ കുജന്‍ എട്ടാം ഭാവത്തിലിരുന്നാല്‍)

https://g.co/kgs/ujjSYL

Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
 ...See More






Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍