ശിവ രാത്രി എങ്ങിനെ ആചരിക്കണം. രവീന്ദ്രന്‍ നായര്‍.






കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേക്ക് ചന്ദ്രന്‍ വരുന്ന കാലം) സന്ധ്യകഴിഞ്ഞ് ചതുര്‍ദശി തിഥിവരുന്ന കാലമാണ് *ശിവരാത്രി* ആഘോഷിക്കുന്നത്.

( അതായതു ഫാല്‍ഗുന മാസത്തിലെ  കൃഷ്ണ പക്ഷ ചതുര്‍ ദശി ക്കാണ് ശിവരാത്രി വരുന്നത്).

ശിവരാത്രിയുടെ ഐതിഹ്യം:

പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കുവാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠവും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായും പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ 'നീലകണ്ഠന്‍' എന്ന നാമധേയം ലഭിച്ചുവെന്നും വിശ്വസിച്ചുവരുന്നു.

ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് ഫാല്‍ഗുന മാസത്തിലെ  കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ്‌ പിന്നെ മഹാശിവരാത്രിയായി ആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.

ശിവരാത്രിവ്രത മാഹാത്മ്യം:

ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു.
ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവ നമുക്ക് പറഞ്ഞുതരുന്നു.

കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്തപക്ഷം) ചതുര്‍ദ്ദശിതിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.

(സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താല്‍ അന്ന്  പ്രദോഷമായി ആചരിക്കുന്നു.)

ശിവരാത്രിയുടെ തലേദിവസം  വീട് കഴുകി ശുദ്ധിവരുത്തണം. 

വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം.

ശിവരാത്രി ദിവസം 'ഉപവാസം', 'ഒരിക്കല്‍'* എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. 

പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്.

 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍'* മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല).

ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. 

ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും *'നമ:ശിവായ'* എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി *'ഓം നമ:ശിവായ'* മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്.

ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.

ശിവരാത്രിദിവസം ജപിക്കാനുള്ള സ്തോത്രം ചുവടെ എഴുതിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കിയശേഷം പഞ്ചാക്ഷരീമന്ത്രം ജപിച്ചോ വ്രതം പിടിക്കാവുന്നതാണ്.

അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു.

വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. 

ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിലും  രാത്രിയിൽ  പ്രത്യേക അന്നദാനം നടത്താറുണ്ട്. ഭക്തര്‍ക്കായി മിക്ക ശിവക്ഷേത്രങ്ങളിലും അന്ന് രാത്രി പ്രത്യേക അന്നദാനവും നടത്തിവരുന്നു. 

ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. 

ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. ശിവരാത്രി കഴിഞ്ഞാല്‍ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ലല്ലോ?.

പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.
ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. 

കര്‍ക്കിടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധി ആളുകളുണ്ട്.

ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്‌.

ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം:

ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.
ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-
ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!
ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്‍കേണമേ!
ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ!
(അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ഈ സ്തോത്രം ഭക്തിയോടെ, കഴിയുന്നത്ര ജപിക്കണം)

Comments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-21 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151